ad
Deshabhimani

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവർ മാപ്പ് പറയണമെങ്കിൽ ആദ്യം അങ്ങ് തുടങ്ങണം: സതീശനോട് കെ സുരേന്ദ്രൻ

vd golwal k surendran
വെബ് ഡെസ്ക്

Published on Jun 14, 2026, 06:12 PM | 2 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ ആർഎസ്‌എസ്‌ വേദിയിലെത്തിയ സംഭവം വീണ്ടുമോര്‍മിപ്പിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ആര്‍എസ്എസ് വേദിയിലെത്തിയ വൈസ് ചാന്‍സിലര്‍മാര്‍ മാപ്പ് പറയണമെന്ന സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ, 'ആദ്യം അങ്ങ് തന്നെ മാപ്പ് പറഞ്ഞു തുടങ്ങിക്കോ' എന്നായിരുന്നു കെ സുരേന്ദ്രന്‍റെ കമന്‍റ്. 2006-ൽ പറവൂരിൽ നടന്ന ഗോൾവാള്‍ക്കർ ജന്മശതാബ്ദി ചടങ്ങിൽ സതീശൻ പങ്കെടുത്ത പഴയ സംഭവം ഓർമ്മിപ്പിച്ചാണ് സുരേന്ദ്രൻ പരിഹാസവുമായി എത്തിയത്.


ആർഎസ്‌എസ്‌ ശതാബ്ദിയോടനുബന്ധിച്ച് തിരുവനന്തപുരം കവടിയാറിലെ ഉദയ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന മോഹൻ ഭാഗവതിന്റെ പ്രഭാഷണ സഭയിൽ കേരള, എംജി, മലയാളം സർവകലാശാലകളിലെ വൈസ് ചാൻസലർമാർ പങ്കെടുത്തതില്‍ മുഖ്യമന്ത്രി ഒരു പ്രതികരണവും നടത്താത്തതില്‍ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനുള്‍പ്പെടെ സതീശന്‍റെ മൗനത്തിനെതിരെ രംഗത്ത് വന്നിരുന്നു.


തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ സതീശന്‍ പോസ്റ്റുമായി എത്തിയത്. തീവ്ര വർഗീയത പറയുന്നവരുടെ പരിപാടിയിൽ പങ്കെടുത്ത വിസിമാർ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നായിരുന്നു സതീശന്റെ പോസ്റ്റ്.


ഇതിനുതാഴെയാണ് സുരേന്ദ്രൻ റീ-കൗണ്ടറുമായി എത്തിയത്. "ആർഎസ്‌എസ്‌ പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങുതന്നെ മാപ്പ് പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലത്" എന്നായിരുന്നു സുരേന്ദ്രന്റെ കമന്റ്. മുഖ്യമന്ത്രി എറിഞ്ഞ മാപ്പ് പ്രയോഗം കറങ്ങിത്തിരിഞ്ഞ് അദ്ദേഹത്തിന് തന്നെ കൊള്ളുന്ന രീതിയിൽ സുരേന്ദ്രൻ തിരിച്ചടിച്ചത് സൈബർ ലോകത്ത് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.


2006-ൽ പറവൂരിൽ നടന്ന ആർഎസ്‌എസ്‌ ചടങ്ങിൽ വി ഡി സതീശൻ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. സതീശൻ ആർഎസ്‌എസുമായി എന്ത് ഡീലാണ് ഉറപ്പിച്ചത് എന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനൊന്നും മറുപടി പറയാതെ സതീശന്‍ ഒഴിഞ്ഞുമാറുകയായിരുന്നു.


സതീശന്‍റെ പോസ്റ്റിന് താഴെ ട്രോളുകളുടെ പൂരമാണ്. 'അന്ന് വിളക്ക് കൊളുത്തിയതിന് താങ്കൾ എന്നാണു മാപ്പ് പറയുക എന്നാണ് ഒരാൾ ചോദിക്കുന്നത്. "ആദ്യം സ്വയം മാപ്പ് പറഞ്ഞ് മാതൃക കാണിക്കൂ, അതല്ലേ ഹീറോയിസം" എന്ന കമന്റുകളുമായും ആളുകൾ രം​ഗത്തെത്തി. സർവകലാശാലകളിൽ കാവിവത്കരണത്തിന് വഴിതുറന്നപ്പോൾ നോക്കിനിന്നവർക്ക് ഇപ്പോഴാണോ ബോധം വന്നതെന്നാണ് മറ്റു ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദിക്കുന്നത്.


വിസിമാർക്കെതിരെ നടപടിയെടുക്കാൻ ചങ്കൂറ്റമില്ലാത്തതുകൊണ്ടാണ് വെറുതെ ഫേസ്ബുക്കിൽ വന്ന് 'മാപ്പ്' ക്യാപ്‌സ്യൂൾ ഇറക്കുന്നതെന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നു.


ചട്ടങ്ങൾ ലംഘിച്ച് കേരള വിസി ഡോ. മോഹനൻ കുന്നുമ്മലും എംജി വിസി പ്രൊഫ. ഡി മാവൂത്തും, മലയാളം വിസി ഡോ. സി ആർ പ്രസാദും ഔദ്യോഗിക വാഹനങ്ങളിലെത്തിയാണ് മോഹൻ ഭാഗവതിന്റെ പരിപാടിയിൽ പങ്കെടുത്തത്. മാധ്യമങ്ങളെ പൂർണ്ണമായി വിലക്കിയ ചടങ്ങിൽ വിസിമാരെക്കൂടാതെ ഗവർണറുടെ ഒഎസ്ഡി ഹരി എസ് കർത്തയും പങ്കെടുത്തിരുന്നു. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും എല്ലാവരും ആർഎസ്‌എസിൽ ചേരണമെന്നുമാണ് മോഹൻ ഭാഗവത് പരിപാടിയിൽ ആഹ്വാനം ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home