ad
Deshabhimani

രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി രാഘവ ലോറൻസ്; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

raghava lawrence
വെബ് ഡെസ്ക്

Published on Jun 14, 2026, 07:18 PM | 1 min read

ചെന്നൈ: നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുത്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്നതായി പ്രശസ്ത നടനും നർത്തകനുമായ രാഘവ ലോറൻസ്. തന്റെ ഭാവി പദ്ധതികളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ചെന്നൈ ഉത്തണ്ടിയിലെ വസതിയിൽ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ലോറൻസ് വ്യക്തമാക്കി.


പ്രതീക്ഷകളൊന്നുമില്ലാതെ ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ആലോചിക്കുന്നതെന്നും ലോറൻസ് അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ആരാധകരുമായി പങ്കുവെക്കും. നിലവിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് ലോറൻസ് വിലയിരുത്തി. മദ്യശാലകൾ പൂട്ടാനുള്ള തീരുമാനത്തെയും വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പണമുണ്ടാക്കാനോ അധികാര കസേര മോഹിച്ചോ അല്ല രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും താൻ വിശ്വസിക്കുന്ന അടുത്ത സുഹൃത്തുക്കൾ രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ അവർക്കൊപ്പം ചേർന്ന് ജനങ്ങളെ സേവിക്കാനാണ് തീരുമാനമെന്നും അദ്ദേഹം എക്സിൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.



തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ലോറൻസിന്റെ രാഷ്ട്രീയ പ്രവേശന ചർച്ചകൾ സജീവമായത്. മുഖ്യമന്ത്രി വിജയ് മത്സരിച്ച് വിജയിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം ഒഴിഞ്ഞതിനെ തുടർന്ന് ഇവിടെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർത്ഥിയായി രാഘവ ലോറൻസ് മത്സരിച്ചേക്കുമെന്നാണ് സൂചന. വിജയ് പെരമ്പൂർ മണ്ഡലം നിലനിർത്തിയതോടെയാണ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങണോ വേണ്ടയോ എന്നതിൽ സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ അഭിപ്രായവും ലോറൻസ് തേടിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home