നടി ഗൗതമി എഐഎഡിഎംകെ വിട്ടു; രാജി അറിയിച്ചത് സോഷ്യൽ മീഡിയയിലൂടെ

ചെന്നൈ: നടി ഗൗതമി എഐഎഡിഎംകെയിൽ നിന്ന് രാജിവെച്ചു. പാർടിയുടെ നയ പ്രചാരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനവും പ്രാഥമിക അംഗത്വവുമാണ് താരം ഒഴിഞ്ഞത്. ഇതുസംബന്ധിച്ച രാജി കത്ത് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിക്ക് കൈമാറി. സോഷ്യൽ മീഡിയയിലൂടെയാണ് ഗൗതമി തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് സാമൂഹിക സേവനരംഗത്ത് കൂടുതൽ സജീവമാകുന്നതിനാണ് പാർടി സ്ഥാനങ്ങൾ ഒഴിയുന്നതെന്ന് ഗൗതമി വ്യക്തമാക്കി. "ഹൃദയഭാരത്തോടെയാണ് ഈ തീരുമാനമെന്നും ഇന്ന് മുതൽ രാജി പ്രാബല്യത്തിൽ വരുമെന്നും" അവർ അറിയിച്ചു.
പാർടിയിൽ ചേർന്നത് മുതൽ തനിക്ക് സഹകരണം നൽകിയ മുൻ മന്ത്രിമാർക്കും ജില്ലാ-വാർഡ് തലങ്ങളിലെ ഭാരവാഹികൾക്കും ഗൗതമി നന്ദി അറിയിച്ചു. നേരത്തെ ബിജെപിയിൽ പ്രവർത്തിച്ചിരുന്ന ഗൗതമി, ആ പാർടി വിട്ട ശേഷമാണ് എഐഎഡിഎംകെയിൽ ചേർന്നത്. ഗൗതമിയുടെ രാജി തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.










0 comments