ad
Deshabhimani

ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് 'സ്റ്റോക്ക്‌ഹോം സിൻഡ്രോം' പോലെ; പ്രതികരണവുമായി യുവതി

bangalore traffic

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 14, 2026, 06:56 PM | 1 min read

ബംഗളൂരു: ഐടി നഗരമായ ബംഗളൂരുവിലെ കടുത്ത ഗതാഗതക്കുരുക്കിനെ നഗരവാസികളുടെ 'സ്റ്റോക്ക്‌ഹോം സിൻഡ്രോമു'മായി ഉപമിച്ച് സ്റ്റാർട്ടപ്പ് സ്ഥാപക ദീപിക ജെയ്കിഷൻ. പീഡിപ്പിക്കുന്ന വ്യക്തിയോട് ഇരയ്ക്ക് തോന്നുന്ന മാനസികമായ അടുപ്പത്തെയാണ് മനശാസ്ത്രത്തിൽ 'സ്റ്റോക്ക്‌ഹോം സിൻഡ്രോം' എന്ന് വിളിക്കുന്നത്. ബംഗളൂരു നിവാസികൾ ട്രാഫിക് ദുരിതത്തോട് പൂർണ്ണമായി പൊരുത്തപ്പെടുകയും അതിനെ സാധാരണ ജീവിതത്തിന്റെ ഭാഗമായി അംഗീകരിക്കുകയും ചെയ്തു എന്ന അർത്ഥത്തിലാണ് ദീപികയുടെ പരിഹാസം. നഗരത്തിൽ വെറും 4 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ തനിക്ക് 35 മിനിറ്റ് വേണ്ടിവന്ന അനുഭവം പങ്കുവെച്ചാണ് ദീപികയുടെ വിമർശനം. എക്സിലൂടെയായിരുന്നു ദീപിക ജെയ്കിഷന്റെ പ്രതികരണം.


യാത്രയ്ക്കിടയിലെ തന്റെ ശരാശരി വേഗത മണിക്കൂറിൽ 7 കിലോമീറ്റർ മാത്രമായിരുന്നുവെന്ന് ദീപിക കണക്കുകൾ നിരത്തി വ്യക്തമാക്കുന്നു. സാധാരണയായി ഒരാൾ ഓടുന്ന (Jogging) വേഗത മാത്രമാണിത്. എന്നാൽ, തന്നെ അത്ഭുതപ്പെടുത്തിയത് ഗതാഗതക്കുരുക്കല്ലെന്നും, മറിച്ച് നഗരവാസികൾ ഈ ദുരിതത്തോട് പൂർണ്ണമായി പൊരുത്തപ്പെട്ടു എന്നതാണെന്നും അവർ കുറിച്ചു. 'ഒരു യാത്രയ്ക്കായി 50 മിനിറ്റ് മുൻപേ ഇറങ്ങാം' എന്ന് പറഞ്ഞ് നഗരം മുഴുവൻ ഈ അവസ്ഥയെ വളരെ സാധാരണയായി അംഗീകരിച്ചിരിക്കുകയാണ്. കനത്ത പ്രതിസന്ധികളുണ്ടായാലും അതെല്ലാം മറന്ന്, ഒന്നും സംഭവിക്കാത്തതുപോലെ മുന്നേറുന്ന മുംബൈക്കാരുടെ മനസിനെ ആളുകൾ 'സ്പിരിറ്റ് ഓഫ് മുംബൈ' (മുംബൈയുടെ അതിജീവന വീര്യം) എന്ന് പുകഴ്ത്താറുണ്ട്. എന്നാൽ ബംഗളൂരുവിലെ ജനങ്ങൾ ദുരിതത്തോട് പോരാടുന്നതിന് പകരം അതിന് അടിമപ്പെടുകയാണ് ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.


സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ദീപികയുടെ പോസ്റ്റ് വഴിവെച്ചത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടന്നുപോകാമെന്ന് വെച്ചാൽ നഗരത്തിൽ പലയിടത്തും കാൽനടപ്പാതകൾ പോലുമില്ലെന്ന് ഒരു ഉപയോക്താവ് കുറിച്ചു. എന്നാൽ, കടുത്ത ഗതാഗതക്കുരുക്കുണ്ടെങ്കിലും ബംഗളൂരുവിലെ മികച്ച കാലാവസ്ഥ, ഭക്ഷണം, സംസ്‌കാരം എന്നിവ കണക്കിലെടുത്താണ് ആളുകൾ ഇവിടെ ജീവിക്കാൻ താല്പര്യപ്പെടുന്നതെന്ന വാദവുമായി മറ്റ് ചിലരും രംഗത്തെത്തി. മുംബൈ പോലുള്ള മറ്റ് മെട്രോ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഇതിലും ഭയങ്കരമാണെന്നും ചിലർ കമന്റ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home