തീവെട്ടി ബാബു വീണ്ടും പിടിയിൽ; ഇക്കുറി കുടുങ്ങിയത് ബേക്കറി മോഷണക്കേസിൽ; കോടതിയിൽ സ്വയം വാദിക്കും

പിടിയിലായ എ ജി ബാബു
പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു എന്ന കൊല്ലം ചിറക്കര നന്ദുഭവനത്തില്‍ എ ജി ബാബു (61)വവിനെ അറസ്റ്റ് ചെയ്തു. പുല്ലുവഴി ശ്രീകൃഷ്ണ ബേക്കറിയുടെ പൂട്ട് പൊളിച്ച് മേശയില്‍നിന്ന് 15,000 രൂപയും മൊബൈല്‍ഫോണും ടാബും മോഷ്ടിച്ചു എന്നതാണ് കേസ്.
ബേക്കറിയിൽനിന്ന് മോഷ്ടിച്ച ഫോണും ടാബും വല്ലത്തെ സെല്‍ വേള്‍ഡ് ഇലക്‌ട്രോണിക്‌സ് എന്ന കടയില്‍ വില്‍ക്കാനെത്തിയപ്പോൾ സംശയം തോന്നിയ കടയുടമ കുറുപ്പംപടി പൊലീസില്‍ അറിയിക്കുകയായിരുന്നു. ടാബ് പരിശോധിച്ചപ്പോള്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് വിവരങ്ങള്‍ ലഭിച്ചു. ഇതനുസരിച്ച് ടാബ് ഉടമയെ വിളിച്ച് വിവരങ്ങള്‍ ഉറപ്പിച്ചശേഷമാണ് പൊലീസില്‍ അറിയിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 120ൽ അധികം മോഷണക്കേസിൽ പ്രതിയാണ് ബാബു. പത്ത് ദിവസം മുൻപാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. ഒട്ടേറെ തവണ പിടിയിലായിട്ടുണ്ട്. കുറച്ചുനാള്‍ വക്കീല്‍ ഗുമസ്തനായിരുന്നതിനാല്‍ കേസുകള്‍ സ്വയം വാദിക്കുന്നതാണ് ഇയാളുടെ രീതി. ഒരു ജില്ലയില്‍ പിടിയിലായി ശിക്ഷ കഴിഞ്ഞിറങ്ങി അടുത്ത ജില്ലയില്‍ പോയി താമസിച്ച് മോഷണം നടത്തുന്നതാണ് ബാബുവിന്റെ പതിവെന്ന് പൊലീസ് പറഞ്ഞു.









0 comments