ad
Deshabhimani

പകര്‍ച്ചവ്യാധികള്‍ നേരിടാൻ നടപടിയെടുക്കാത്തത് ജനങ്ങളോടുള്ള ക്രൂരത: എൽഡിഎഫ് കൺവീനർ

T P Ramakrishnan

ടി പി രാമകൃഷ്‌ണന്‍

വെബ് ഡെസ്ക്

Published on Jun 14, 2026, 04:11 PM | 2 min read

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിനായി എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ചു അണിനിരത്തുന്ന നിലപാട്‌ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നില്ലെന്ന് എല്‍ഡിഎഫ്‌ കണ്‍വീനര്‍ ടി പി രാമകൃഷ്‌ണന്‍ പറഞ്ഞു. ഇത്‌ ജനങ്ങളോട്‌ കാണിക്കുന്ന ക്രൂരതയാണ്‌. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റതിന്‌ ശേഷം രാഷ്ട്രീയമായ പകപോക്കലിന്റെ ഭാഗമായി നിരവധി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. പകര്‍ച്ചവ്യാധികള്‍ക്കെതിരായി ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെട്ട ആരോഗ്യവകുപ്പ്‌ ഡയറക്ടറെ വ്യാജ ആരോപണം ഉന്നയിച്ച്‌ ഏകപക്ഷീയമായി സ്ഥലം മാറ്റുകയും അച്ചടക്ക നടപടിയുടെ ഭാഗമായി തരംതാഴ്‌ത്തുകയും ചെയ്‌തു. ചട്ടവിരുദ്ധ സ്ഥലം മാറ്റങ്ങള്‍ എതിര്‍ത്തതാണ്‌ സ്ഥലമാറ്റത്തിനും അച്ചടക്ക നടപടിക്കും കാരണമായതെന്നാണ്‌ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. ഇത്തരം നടപടികള്‍ നീതീകരിക്കാനാകില്ലെന്നും ടി പി രാമകൃഷ്‌ണന്‍ പ്രസ്താവനയിൽ പറഞ്ഞു.


കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത്‌ കൊണ്ട്‌ ജനജീവിതം ദുസ്സഹമായിത്തീര്‍ന്നിരിക്കുന്നു. നിപ വൈറസ്‌ ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ പിടികൂടിയപ്പോള്‍ അതിനെ നേരിടാന്‍ കേരളം കാണിച്ച മാതൃകകള്‍ ലോകമാകെ അംഗീകരിക്കപ്പെട്ടതാണ്‌. ഈ അനുഭവങ്ങള്‍ പരിഗണിക്കാതെ ആരോഗ്യവകുപ്പ്‌ മന്ത്രി സ്വീകരിച്ച നടപടികള്‍ ഇതിനകം കടുത്ത പ്രതിഷേധത്തിനു വഴിവെച്ചിട്ടുണ്ട്‌. എരണം കെട്ടവന്‍ നാടുഭരിക്കുന്നത്‌ കൊണ്ടാണ്‌ പകര്‍ച്ചവ്യാധികള്‍ രൂപപ്പെടുന്നത്‌ എന്നതായിരുന്നു എല്‍ഡിഎഫ്‌ ഭരണ കാലത്ത്‌ ഇപ്പോഴത്തെ ആരോഗ്യ മന്ത്രി പ്രതികരിച്ചത്‌. കരുണാകരന്റെ കാലത്തും ആന്റണിയുടെ കാലത്തും ഉമ്മന്‍ ചാണ്ടിയുടെ കാലത്തും വവ്വാലുകള്‍ ഉണ്ടായിരുന്നെന്നും പരിഹസിച്ചിരുന്നു. എന്നാൽ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ഏതൊരു ശ്രമത്തിനും പിന്തുണ നല്‍കുക എന്നതാണ് എൽഡിഎഫ് നിലപാടെന്നും ടി പി രാമകൃഷ്‌ണന്‍ പറഞ്ഞു.


കഴിഞ്ഞ ഒരു മാസക്കാലം ഗവണ്‍മെന്റ്‌ തെറ്റായ വഴിയിലൂടെയാണ്‌ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സഞ്ചരിക്കുന്നത്‌. വൈദ്യുതവകുപ്പ്‌ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായി അടുത്ത ബന്ധുവിനെ നിശ്ചയിച്ചു. നിയമനത്തെ ന്യായീകരിച്ചു പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ജനങ്ങളില്‍ നിന്ന്‌ ഉയര്‍ന്നു വന്ന ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ രാജിവെക്കേണ്ടി വന്നു. ദേവസ്വം വകുപ്പിന്റെ സ്‌പെഷ്യല്‍ പ്ലീഡര്‍ സ്ഥാനത്തേക്ക്‌ സ്വര്‍ണ കവര്‍ച്ച കേസിലെ പ്രതിയുടെ വക്കീലായിരുന്ന അഡ്വ. കെ ബി പ്രദീപനെ ക്യാബിനറ്റ്‌ തീരുമാനപ്രകാരം നിയോഗിച്ചു. ഇതൊരു യാദൃശ്ചിക സംഭവമല്ല. ദേവസ്വം മന്ത്രി പറഞ്ഞത്‌ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയെന്നാണ്‌.


സ്വര്‍ണ കവര്‍ച്ച കേസിലെ പ്രതിയുടെ വക്കീലിനെ ഒരു പുതിയ തസ്‌തിക നിശ്ചയിച്ചു നിയമനം നടത്തിയത്‌ ഈ കേസിനെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്‌. കെ ബി പ്രദീപ്‌ തല്‍സ്ഥാനം രാജിവെച്ചിട്ടുണ്ടെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. സ്‌പെഷ്യല്‍ പ്ലീഡറെ നിയമിച്ചു കഴിഞ്ഞാല്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അദ്ദേഹത്തിന്റെ മുമ്പാകെ വരണമെന്നത്‌ സാധാരണ രീതിയാണ്‌. ഫയലിലെ എല്ലാ വിവരണങ്ങളും ചോര്‍ത്തിയെടുക്കാന്‍ ഏതാനും സമയം മാത്രം മതി. ഈ കാര്യത്തില്‍ ഗവണ്‍മെന്റ്‌ നിലപാട്‌ വ്യക്തമാക്കണം. ഈ പ്രശ്‌നത്തില്‍ കെപിസിസിയുടെ സമീപനവും ജനങ്ങളോട്‌ തുറന്ന്‌ പറയേണ്ടതുണ്ട്‌. വിവരങ്ങള്‍ ചോര്‍ത്തിയോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തണം. നിയമിക്കപ്പെട്ടയാള്‍ സംഘപരിവാര്‍ അനുകൂലിയാണെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്‌. സംഘപരിവാര്‍ അനുകൂലികളെ സുപ്രധാന സര്‍ക്കാര്‍ പദവിയില്‍ പ്രതിഷ്‌ഠിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്‌.


നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം വരുന്നതിന്‌ മുമ്പ്‌ ഇന്നത്തെ മുഖ്യമന്ത്രിയുടെ മംഗ്‌ളൂരിലേക്കുള്ള യാത്ര വിവാദമായിട്ടുള്ളതാണ്‌. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌തിട്ടുള്ള വിമാനത്തിലാണ്‌ അദ്ദേഹം യാത്ര ചെയ്‌തത്‌. സ്വര്‍ണ പാളി കേസില്‍ എസ്‌ഐടി ചോദ്യം ചെയ്‌ത വ്യക്തി അദ്ദേഹത്തോടൊപ്പം യാത്ര ചെയ്‌തിരുന്നു. മംഗ്‌ളുരുവില്‍ എന്‍ഡിഎ നേതൃത്വമായും അദാനിയുടെ പ്രതിനിധിയുമായും ഇദ്ദേഹം കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ യാത്ര വിവരങ്ങള്‍ വാര്‍ത്തകളിലൂടെ പുറത്തു വന്നു. ഇത്‌ സംബന്ധിച്ച ഒരു വിശദീകരണവും ഇതുവരെ വന്നിട്ടില്ല. മുഖ്യമന്ത്രി കൃത്യമായ വിശദീകരണം ഇനിയും നടത്താത്ത ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ സമീപനം എന്താണ്‌. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നുവന്ന ഈ ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ്സ്‌ ഹൈക്കമാന്റിനും കെപിസിസിക്കും ബാധ്യതയുണ്ട്‌. അദാനി കൂട്ടുകെട്ടിനെതിരെ നിലകൊള്ളുന്നുവെന്ന്‌ അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല.


കോണ്‍ഗ്രസ്സ്‌ - ബിജെപി ബന്ധം സ്ഥിരീകരിക്കുന്ന നിലയിലാണ്‌ രാഹുല്‍ ഗാന്ധിയുടെ പ്രതികരണങ്ങള്‍ വരുന്നത്‌. ഇന്ത്യയിലെ മതനിരപേക്ഷ സമൂഹത്തിന്റെ ഐക്യത്തിനും ചെറുത്തുനില്‍പിനും ഇത്‌ ദോഷം ചെയ്യുന്നതാണ്‌. അതുകൊണ്ട്‌ തന്നെ കോണ്‍ഗ്രസിന്റെ ഈ നിലപാട്‌ ജനങ്ങളോട്‌ വിശദീകരിക്കണമെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home