ad
Deshabhimani

print edition സന്തോഷ്‌ ട്രോഫി 
കോഴിക്കോടും കണ്ണൂരും

SANTOSH TROPHY
avatar
അജിൻ ജി രാജ്‌

Published on Aug 22, 2026, 01:31 AM | 2 min read

കോഴിക്കോട്‌: കേരളം ആതിഥേയരാകുന്ന സന്തോഷ്‌ ട്രോഫി ഫുട്‌ബോളിന്‌ കോഴിക്കോടും കണ്ണൂരും വേദിയാകും. ജനുവരിയിലാണ്‌ ഫൈനൽ റ‍ൗണ്ട്‌ മത്സരങ്ങൾ. ദേശീയ സീനിയർ പുരുഷ ചാമ്പ്യൻഷിപ്പിന്റെ 80–ാം പതിപ്പിനാണ്‌ ഇത്തവണ സംസ്ഥാനം സാക്ഷ്യം വഹിക്കുക. ഇത്‌ 15–ാം തവണയാണ്‌ കേരളം സന്തോഷ്‌ ട്രോഫിക്ക്‌ ഒരുങ്ങുന്നത്‌. 2022ൽ മലപ്പുറം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലാണ്‌ അവസാനമായി ടൂർണമെന്റ്‌ നടന്നത്‌.


പതിനാലുതവണ നടന്നതിൽ മൂന്നുതവണ ജേതാക്കളുമായി. 1973ൽ ആദ്യമായി ചാമ്പ്യൻമാരാകുന്നത്‌ എറണാകുളം മഹാരാജാസ്‌ സ്‌റ്റേഡിയത്തിലായിരുന്നു. 1993ലും ജയം ആവർത്തിച്ചു. ഒടുവിൽ 2022ൽ മഞ്ചേരിയിലും.


കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലും കണ്ണൂർ ജവാഹർ മുനിസിപ്പൽ സ്‌റ്റേഡിയത്തിലുമായാണ്‌ മത്സരങ്ങൾ നടക്കുക. കൊച്ചിയും തൃശൂരും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ മലബാറിലെ ഫുട്‌ബോൾ ആവേശവും മറ്റ്‌ സ‍ൗകര്യങ്ങളും കണക്കിലെടുത്ത്‌ കോഴിക്കോടിനെയും കണ്ണൂരിനെയും തെരഞ്ഞെടുക്കുകയായിരുന്നു. സൂപ്പർ ലീഗ്‌ കേരളയിൽ അവസാന രണ്ട്‌ സീസണിലും ഇരുസ്‌റ്റേഡിയവും നിറഞ്ഞു കവിഞ്ഞിരുന്നു. സന്തോഷ്‌ ട്രോഫിക്ക്‌ സന്നദ്ധരാണെന്നറിയിച്ച്‌ കേരള ഫുട്‌ബോൾ അസോസിയേഷൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്‌ (എഐഎഫ്‌എഫ്‌) കത്തയച്ചിട്ടുണ്ട്‌.


നവംബറിൽ രാജ്യത്തെ പലഭാഗങ്ങളിലായി യോഗ്യതാ റ‍ൗണ്ടുകൾ നടക്കും. പത്ത്‌ ഗ്രൂപ്പുകളിലായാണ്‌ മത്സരം. റണ്ണറപ്പുകളായതിനാൽ കേരളത്തിന്‌ യോഗ്യതാ റ‍ൗണ്ട്‌ കളിക്കാതെ നേരിട്ട്‌ ഫൈനൽ റ‍ൗണ്ടിലെത്താം. ചാമ്പ്യൻമാരായ സർവീസസ്‌ ഉൾപ്പെടെ 12 ടീമുകളാണ്‌ അന്തിമ പോരാട്ടത്തിനിറങ്ങുക. അവസാന രണ്ട്‌ സീസണിലും കേരളം ഫൈനലിൽ തോറ്റിരുന്നു. ഏഴുതവണ ചാമ്പ്യൻമാരാണ്‌.


​ടി എ രഞ്ജിത്‌ 
പരിശീലകൻ


സന്തോഷ്‌ ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിന്റെ മുഖ്യപരിശീലകനായി ടി എ രഞ്ജിത്തിനെ നിയമിച്ചു. നിയാസ്‌ റഹ്‌മാൻ സഹപരിശീലകനും കെ ടി ചാക്കോ ഗോൾകീപ്പിങ്‌ കോച്ചുമാണ്‌. ദേശീയ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ സീസണിൽ കേരളത്തെ ചാമ്പ്യൻമാരാക്കിയ രഞ്ജിത് ദീർഘകാലത്തെ പരിചയസമ്പത്തുമായാണ്‌ വരവ്‌. ഇന്ത്യൻ സീനിയർ ടീമിന്റെ സഹപരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്‌.


ഐ ലീഗിൽ ഗോകുലം കേരളയെ കിരീടത്തിനരികെയെത്തിച്ചു. ഇന്ത്യയുടെ അണ്ടർ 16 ആൺകുട്ടികളുടെ ടീമിന്റെ സഹപരിശീലകനുമായി. എഎഫ്‌സി എ ലൈസൻസ്‌ ഉടമയായ നാൽപ്പത്തിനാലുകാരൻ 2013ൽ ജോസ്‌കോ എഫ്‌സിയിലൂടെയാണ്‌ പരിശീലകവേഷത്തിലെത്തുന്നത്‌. കേരള ബ്ലാസ്‌റ്റേഴ്‌സ്‌, ഹൈദരാബാദ്‌ എഫ്‌സി ടീമുകളിലും പ്രവർത്തിച്ചു. തിരുവനന്തപുരം വെള്ളായണി കാർഷിക സർവകലാശാല കായികപഠനവിഭാഗം മേധാവിയാണ്‌. എറണാകുളം വല്ലാർപാടം പനമ്പുകാടാണ്‌ സ്വദേശം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home