ad
Deshabhimani

ഓണമെത്തി, 
ഇനി പട്ടംപറത്തൽ കാലം

Kite flying

കൊച്ചിയിലെ പട്ടംവിൽപ്പനകേന്ദ്രത്തിൽ 
എത്തിയ പട്ടങ്ങള്‍

വെബ് ഡെസ്ക്

Published on Aug 22, 2026, 02:33 AM | 1 min read

മട്ടാഞ്ചേരി


അവധിക്കാലമെത്തിയതോടെ കൊച്ചിയില്‍ പട്ടംപറത്തൽ സജീവമായി. ഓണക്കാലത്ത് വിശേഷ കാഴ്ചയൊരുക്കാൻ അതിർത്തികൾ കടന്ന് കടലാസ് പട്ടങ്ങളെത്തിക്കഴിഞ്ഞു. കാണികൾക്കും പറത്തുന്നവർക്കും ആവേശം പകർന്ന് പട്ടങ്ങൾ കൊച്ചിയിലെ ആകാശങ്ങളില്‍ പറക്കുന്നത് ദൃശ്യഭംഗിയൊരുക്കും.


പ്രായം മറന്ന് പങ്കെടുക്കുന്ന ഓണാഘോഷ കാഴ്ചകളിലൊന്നാണിത്. കാറ്റിന്റെ ഗതിക്കൊപ്പം പട്ടം വാനിലുയർത്തിയുള്ള പറത്തലിനൊപ്പം പട്ടം അരിയല്‍ മത്സരങ്ങളും നടക്കും. വടക്കേയിന്ത്യക്കാരുടെ വരവോടെയാണ്‌ കേരളത്തിൽ പട്ടംപറത്തൽ സജീവമാകുന്നത്‌. കൊച്ചി കേന്ദ്രീകരിച്ചാണ് പട്ടം വിപണിയും മത്സരങ്ങളും സജീവമാകുന്നത്. പട്ടത്തിനൊപ്പം നൂല്‍ വിൽപ്പനയും നടക്കും. ഉത്തർപ്രദേശിലെ ബെറലി, മധ്യപ്രദേശിലെ ഭോപ്പാൽ, മഹാരാഷ്ട്രയിലെ പുണെ, മുംബൈ എന്നിവിടങ്ങളിലാണ് പട്ടം നിർമാണവും വിപണിയുമുള്ളത്.


ഇവിടങ്ങളില്‍നിന്നാണ് കേരളത്തിലേയ്ക്ക് പട്ടമെത്തുന്നതെന്ന് കൊച്ചിയിലെ മൊത്തവ്യാപാരികള്‍ പറയുന്നു. രാജ്യത്തെ പട്ടം നിർമാണ കേന്ദ്രമായ ബെറലിയിൽനിന്നാണ് തിരുവനന്തപുരംമുതൽ തൃശൂർവരെ പട്ടങ്ങളെത്തുന്നത്. കൂടാതെ കോഴിക്കോടും പാലക്കാടും കേന്ദ്രീകരിച്ച് മൊത്തവിൽപ്പനക്കാരുണ്ട്. മത്സര പട്ടങ്ങളടക്കം ഇരുപതിലേറെ ഇനങ്ങളാണ് ഇന്ന് പണിയിലുള്ളത്. ആദാ, പെട്ടി, ചൈനീസ്, മഞ്ചോൾ, കോണ, പരുന്ത്, കാർട്ടൂൺ, പരുന്ത് ഭായി തുടങ്ങി രൂപങ്ങളനുസരിച്ച് പട്ടങ്ങൾക്ക് പേരുകളുമുണ്ട്. കടലാസും മുളച്ചീളുകളും കൊണ്ടാണ് പട്ടങ്ങളുണ്ടാക്കുന്നത്.


കൊച്ചിയിൽ അമരാവതി, പാലസ് റോഡ് എന്നിവിടങ്ങളിലും ചെറുകിട പട്ടം വിൽപ്പന കേന്ദ്രങ്ങളുമുണ്ട്. പത്തുമുതൽ 250 രൂപവരെയാണ് വില. കൂടാതെ സാധാരണ കോട്ടൺ നൂലിന് മീറ്ററിന് 100 രൂപമുതലും മത്സരത്തിനുള്ള നൂലിന്‌ റോളിന് 2000 രൂപവരെയുമാണ് വില. നൂലിൽ കുപ്പിച്ചില്ല്‌ പൊടി ചേർത്തുള്ള മാഞ്ച ചേർത്താണ് മത്സരത്തിൽ സജീവമാകുന്നത്. ജൂൺ മാസത്തോടെ വിപണിയിലേയ്ക്ക് പട്ടങ്ങൾ എത്തിത്തുടങ്ങുമെങ്കിലും വിപണി സജീവമാകുന്നത് ഓണക്കാലത്തോടെയാണ്. സെപ്തംബറോടെ സീസണ്‍ അവസാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home