ഓണത്തിന് നാടണയാൻ ചെലവേറും
കുതിച്ചുയര്‍ന്ന് അന്തര്‍സംസ്ഥാന ബസ് നിരക്ക്

കൊച്ചി
ഓണക്കാലത്ത് അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രാനിരക്കുകളിൽ വൻവർധന. അയല്‍സംസ്ഥാനങ്ങളിൽനിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളില്‍ ഓണദിനങ്ങളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ന്നു. ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും സ്വകാര്യ ബസ് സര്‍വീസുകളുള്ളത്. തിരുവോണം ബുധനാഴ്‌ചയാണെങ്കിലും 22 മുതൽ അവിടങ്ങളിൽനിന്ന് നാട്ടിലേക്കുള്ള തിരിച്ചുവരവ് ആരംഭിക്കും. ഈ ദിവസം ടിക്കറ്റിന് ക്ഷാമമുണ്ട്. ഉത്രാടദിനത്തിലാണ് ഏറ്റവും തിരക്ക്.
സാധാരണദിവസങ്ങളില്‍ 900 മുതല്‍ 1,200 രൂപവരെയാണ് ബംഗളൂരു–എറണാകുളം എസി, നോണ്‍ എസി ബസ് നിരക്ക്. കെഎസ്ആര്‍ടിസി എസി സ്ലീപ്പര്‍ മള്‍ട്ടി ആക്സില്‍ ഗജരാജ് സ്വിഫ്റ്റില്‍ 1,125 രൂപയാണ്. ഉത്രാട തലേന്ന്, 24ന് ഇൗ റൂട്ടിൽ സ്വകാര്യബസ് നിരക്ക് 3,100 മുതല്‍ 3,568 വരെയായി. കെഎസ്ആര്‍ടിസിയില്‍ 2,400 മുതല്‍ 2,598 രൂപവരെയാണ്.
ചെന്നെെയില്‍നിന്ന് സ്വകാര്യബസ് നിരക്ക് സാധാരണഗതിയിൽ 1,010 രൂപയാണെങ്കില്‍ ഓണദിനങ്ങളില്‍ 2,500ലേക്ക് ഉയർന്നു. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് കുറവാണ്. ഏതാണ്ട് എല്ലാ സര്‍വീസിലും ടിക്കറ്റുകള്‍ തീര്‍ന്നു. ശേഷിക്കുന്നവയില്‍ തിനനുസരിച്ച് മാറുന്ന നിരക്കുകളാണ്.
ഹൈദരാബാദില്‍നിന്ന് കൊച്ചിയിലേക്കുള്ള സ്വകാര്യബസ് നിരക്ക് സാധാരണദിവസം 2,570 രൂപയാണെങ്കില്‍ ഓണത്തിന് 4,635 ലേക്കുയര്‍ന്നു.
ദിവസം എഴ് ട്രെയിന്‍ സര്‍വീസാണ് ബംഗളൂരുവിനും എറണാകുളത്തിനുമിടയിലുള്ളത്. സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ടിക്കറ്റ് ക്ഷാമമുണ്ട്. ഉള്‍ക്കൊള്ളാവുന്നതിനേക്കാൾ ഏറെപ്പേര്‍ ഓണത്തിന് നാട്ടിലേക്കെത്തുന്നു. ട്രെയിനുകളില്‍ സീറ്റ് ലഭ്യമല്ലാതാകുന്പോൾ അന്തര്‍സംസ്ഥാന ബസ് സര്‍വീസാണ് ആശ്രയം. ഇതിലും നിരക്കുയര്‍ന്നതോടെ പലരും ഓണത്തിന് എങ്ങിനെ നാട്ടിലെത്തുമെന്ന ആശങ്കയിലാണ്.
22, 24 തീയതികളില്‍ ബംഗളൂരു–കൊച്ചി വിമാന ടിക്കറ്റ് നിരക്ക് (എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ) 7879 മുതല്‍ 18,500 രൂപവരെയാണ്. കഴിഞ്ഞ ആഴ്ച ബുക്ക് ചെയ്തവര്‍ക്ക് 3,760 രൂപ നിരക്കില്‍ ടിക്കറ്റ് ലഭിച്ചിരുന്നു.








0 comments