മെട്രോയിൽ പാർക്കിങ് ഫീസ് വീണ്ടും കുത്തനെ കൂട്ടി

ഓണക്കാലത്ത് മെട്രോ സ്റ്റേഷനിലെ തിരക്ക്
കൊച്ചി
യാത്രക്കാരെ കൊള്ളയടിക്കാൻ കൊച്ചി മെട്രോ. പാർക്കിങ് ഫീസ് കുത്തനെ കൂട്ടിയാണ് മെട്രോയുടെ പിടിച്ചുപറി. ആദ്യഘട്ടത്തിൽ ആലുവ, വടക്കേകോട്ട, എംജി റോഡ്, തൃപ്പൂണിത്തുറ എന്നീ നാല് സ്‌റ്റേഷനുകളിലാണ് വർധന. കാർ, ഇരുചക്രവാഹനം എന്നിവയുടെ നിരക്കാണ് കൂട്ടിയത്. മറ്റുസ്‌റ്റേഷനുകളിലും വൈകാതെ കൂട്ടിയേക്കും. കാറുകൾക്ക് മുച്ചക്രവാഹനങ്ങൾക്കും 45 രൂപവരെയും ഇരുചക്രവാഹനങ്ങൾക്ക് 25 രൂപവരെയുമാണ് വർധിപ്പിച്ചത്.
മെട്രോ സ്‌റ്റേഷനുകളിൽ പാർക്ക് ചെയ്യുന്നവരെ മെട്രോയാത്രക്കാരെന്നും അല്ലാത്തവരെന്നും തിരിച്ചുമാണ് കൊള്ളയടി. കാറിലെത്തുന്ന മെട്രോയാത്രക്കാരൻ രണ്ട് മണിക്കൂർ പാർക്ക് ചെയ്യാൻ 20 രൂപ നൽകണം. 15 രൂപയായിരുന്നു. അധികമായി വരുന്ന ഒരോമണിക്കൂറിനും അഞ്ച് രൂപവീതം ഇടാക്കും.
മെട്രോ യാത്രികനല്ലാത്തയാൾ കാർ പാർക്ക് ചെയ്യാൻ രണ്ട് മണിക്കൂറിന് 60 രൂപ നൽകണം. പഴയ നിരക്ക് 15. 45 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. മെട്രോയിൽ യാത്ര ചെയ്യാൻ ഇരുചക്രവാഹനത്തിൽ വരുന്നവർ പാർക്ക് ചെയ്യാൻ രണ്ട് മണിക്കൂറിന് പത്ത് രൂപ നൽണം. നേരത്തേയിത് അഞ്ച് രൂപയായിരുന്നു. അധികമായി വരുന്ന രണ്ട് മണിക്കൂറിന് അഞ്ച് രൂപവീതം ഇടാക്കും. മെട്രോയാത്രക്കാരല്ലാത്തവർ അവരുടെ ഇരുചക്രവാഹനം പാർക്ക് ചെയ്‌താൽ രണ്ട് മണിക്കൂറിന് 30 രൂപ വാങ്ങും. നേരത്തേയിത് അഞ്ച് രൂപയായിരുന്നു. 25 രൂപയാണ് കൂട്ടിയത്. അധികമായി വരുന്ന ഒരോ മണിക്കൂറിനും 10 രൂപ വാങ്ങും. നേരത്തേ രണ്ട് മണിക്കൂറിന് അഞ്ച് രൂപയായിരുന്നു.
പാസിന് കൂട്ടിയത് 3500 രൂപവരെ
മെട്രോയാത്രക്കാർ ഇരുചക്രവാഹനം പാർക്ക് ചെയ്യുന്നതിന് ഒരാഴ്‌ചത്തേക്കുള്ള പാസിന് 150 രൂപ നൽകണം. 125 രൂപയായിരുന്നു. ഒരുമാസത്തേക്ക് 500 രൂപയാണ്. മെട്രോയാത്രികരല്ലെങ്കിൽ 1500 രൂപ നൽകണം. കാർ പാർക്ക് ചെയ്യാനുള്ള ആഴ്‌ച പാസിന് 400 രൂപയാക്കി. 250 രൂപയായിരുന്നു. പ്രതിമാസ പാസിന് പുതിയ നിരക്ക് 1000 ൽനിന്ന് 1500 ആക്കി. മെട്രോയാത്രക്കാരല്ലാത്തവർ കാർ പാർക്ക് ചെയ്യാൻ ഒരുമാസത്തേക്കുള്ള പാസിന് 4500 രൂപ നൽകണം. 1000 ആയിരുന്നു. 3500 രൂപയുടെ വർധന. മൂന്ന് വർഷംമുന്പ് പാർക്കിങ് ഫീസ് വൻതോതിൽ ഉയർത്തിയിരുന്നു. രാജ്യത്തെ മെട്രോകളിലെ ഏറ്റവും ഉയർന്ന പാർക്കിങ് നിരക്കായിരുന്നു അത്.








0 comments