നിയന്ത്രണംവിട്ട ടിപ്പർ ലോട്ടറിക്കടയിലേക്ക് മറിഞ്ഞു; ആർക്കും പരിക്കില്ല

കാക്കനാട് പാലച്ചുവട് കാളച്ചാൽ പാടശേഖരത്തിനുസമീപം നിയന്ത്രണംവിട്ട ടിപ്പർ റോഡരികിലെ ലോട്ടറിക്കടയിലേക്ക് മറിഞ്ഞനിലയിൽ
കാക്കനാട്
ഓടുന്നതിനിടെ ചക്രം ഊരിത്തെറിച്ച് നിയന്ത്രണംവിട്ട ടിപ്പർ റോഡരികിലെ ലോട്ടറിക്കടയിലേക്ക് മറിഞ്ഞു. കാക്കനാട് പാലച്ചുവട് കാളച്ചാൽ പാടശേഖരത്തിനുസമീപം വെള്ളി രാവിലെ 8.30 ഓടെയാണ് സംഭവം.
ടൈലുകളുമായി കാക്കനാട് ഭാഗത്തുനിന്ന് വെണ്ണലയിലേക്ക് പോകുകയായിരുന്നു. യാത്രയ്ക്കിടെ ഒരുവശത്തെ ചക്രങ്ങൾ ഊരിത്തെറിച്ചതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് ഒരിളക്കത്തോടെ അൽപ്പദൂരം മുന്നോട്ടുനീങ്ങിയ ലോറി വശത്തേക്ക് ചരിഞ്ഞ് ലോട്ടറിക്കടയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ലോട്ടറി വിൽപ്പനക്കാരൻ കടയ്ക്ക് പുറത്തായിരുന്നതിനാൽ രക്ഷപ്പെട്ടു.
വീഴ്ചയിൽ ലോറിയിലുണ്ടായിരുന്ന ടൈലുകൾ മുഴുവൻ റോഡിലേക്ക് ചിതറിത്തെറിച്ചു. അപകടത്തെ തുടർന്ന് വെണ്ണല -പാലച്ചുവട് -ടിവി സെന്റർ റോഡിൽ മണിക്കൂറുകളോളം കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. പിന്നീട് നാട്ടുകാരും പൊലീസും ചേർന്ന് ഉച്ചയോടെയാണ് ലോറി ഉയർത്തി റോഡിലെ തടസ്സങ്ങൾ നീക്കിയത്.









0 comments