കിഴക്കമ്പലത്തെ ഗതാഗതക്കുരുക്ക് രൂക്ഷം

കിഴക്കമ്പലത്തെ ഗതാഗതക്കുരുക്ക്
കിഴക്കമ്പലം
മാർക്കറ്റ് കവലയിലും ബസ് സ്റ്റാൻഡ് പരിസരത്തും ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് കിഴക്കമ്പലം മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. രാവിലെയും വൈകിട്ടും മണിക്കൂറുകളോളമാണ് വാഹനങ്ങൾ ഗതാഗതക്കുരുക്ക് മൂലം വലയുന്നത്. രോഗികളുമായി പോകുന്ന ആംബുലൻസുകളും എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നൂറുകണക്കിന് യാത്രക്കാരും ഇതുമൂലം ദുരിതത്തിലാണ്.
പെരുമ്പാവൂർ, മൂവാറ്റുപുഴ, എറണാകുളം, ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിൽനിന്നുവരുന്ന ബസുകളാണ് ഇതുവഴി കടന്നുപോകുന്നത്. വിദ്യാർഥികളും നിരവധി കമ്പനികളിലെ ജീവനക്കാരുമടക്കമുള്ളവരാണ് ദുരിതമനുഭവിക്കുന്നത്. രൂക്ഷമായ ഗതാഗതക്കുരുക്ക് ഇവിടുത്തെ വ്യാപാരസ്ഥാപനങ്ങളിലെ കച്ചവടത്തെയും ബാധിക്കുന്നതായി വ്യാപാരികളും പറയുന്നു.
റോഡരികിലെ അശാസ്ത്രീയമായ പാർക്കിങ്ങും വഴിയോരക്കച്ചവടവും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചാൽ ഒരു പരിധിവരെ ഇതിന് പരിഹാരമാകുമെന്ന് യാത്രക്കാർ പറയുന്നു. അടിയന്തരമായി അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.









0 comments