print edition മിഗ്വേയേലിന്റെ മരണത്തിൽ അന്വേഷണം

സി ഡി ടെനെറിഫെയുടെ സ്--റ്റേഡിയത്തിൽ ആരാധകർ ഹെസ്യൂസ് ഡി മിഗ്വേയേലിന് ആദരമർപ്പിക്കുന്നു
സാന്റാക്രൂസ് (സ്‌പെയ്‌ൻ) : ഹെസ്യൂസ് ഡി മിഗ്വേയേലിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ച് സ്‌പാനിഷ് പൊലീസ്. കഴിഞ്ഞ ദിവസമാണ് സ്‌പെയ്‌നിലെ രണ്ടാം ഡിവിഷൻ ഫുട്‌ബോൾ ക്ലബായ സി ഡി ടെനെറിഫെയുടെ മുന്നേറ്റക്കാരനായ മിഗ്വേയലിന് എതിർ ഗോൾകീപ്പർ എഫ്‌സി അൻഡോറയുടെ ഹെസ്യൂസ് ഒവോനോയുമായി കൂട്ടിയിടിച്ച് ജീവൻ നഷ്ടമായത്.
മനഃപൂർവമല്ലാത്ത നരഹത്യയും അന്വേഷിക്കണമെന്നാണ് സ്‌പെയ്‌നിലെ നിയമം. ഇതുകൂടി കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. അൻഡോറ ഗോളി ഒവോനെ ചോദ്യം ചെയ്യുകയും ചെയ്യും. ഇതിനിടെ മിഗ്വേയേലിന്റെ ശവസംസ്‌കാരം ജൻമനാടായ നവഹെർമോസയിൽ നടക്കും. എന്നാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.
മുന്നേറ്റക്കാരന്റെ വിയോഗത്തിൽ ഫുട്‌ബോൾലോകം ആദരമർപ്പിക്കുകയാണ്. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലികൾ നേർന്നു. ചാമ്പ്യൻസ് ലീഗുൾപ്പെടെയുള്ള പ്രധാന മത്സരങ്ങളെല്ലാം മൗനാചരണത്തിന് ശേഷമാണ് കളി തുടങ്ങിയത്. പിഎസ്‌ജിയുടെ സ്‌പാനിഷ് മധ്യനിരക്കാരൻ ഫാബിയാൻ റൂയിസ് വിയ്യാറയലിനെതിരെ നേടിയ ഗോൾ സമർപ്പിച്ചത് മിഗ്വേയലിനാണ്.









0 comments