യാത്രക്കാരിയുടെ നഷ്‌ടപ്പെട്ട വജ്രവള തിരിച്ചുകിട്ടി

സ്വകാര്യ ബസിൽനിന്ന് കണ്ടെടുത്ത വജ്രവള ജീവനക്കാർ, യാത്രക്കാരി റൂബിയുടെ ഭർത്താവ് എസ് എ എം കമാലിന് കൈമാറുന്നു
ആലുവ
കേരള ബാങ്ക് ജീവനക്കാരിക്ക് യാത്രയ്ക്കിടെ നഷ്ടപ്പെട്ട ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രവള കണ്ടെത്തി തിരികെനൽകി ബസ് ജീവനക്കാർ. കേരള ബാങ്ക് പട്ടിമറ്റം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ റൂബിയുടെ വളയാണ് തിരികെ ലഭിച്ചത്.
ബുധൻ രാവിലെ അശോകപുരത്തുനിന്ന് ബാങ്കിലേക്കുള്ള യാത്രയ്ക്കിടെ കിഴക്കമ്പലത്തുവച്ച് പട്ടിമറ്റത്തേക്കുള്ള ബസ് മാറിക്കയറിയപ്പോഴാണ് വള നഷ്ടപ്പെട്ട വിവരം റൂബി അറിയുന്നത്. കിഴക്കമ്പലത്തെത്തി പരിചയക്കാരായ വഫ ബസിലെ ജീവനക്കാരെ വിവരം അറിയിച്ചു. ഉടനെ ഇവർ റൂബി അശോകപുരത്തുനിന്ന് ആദ്യം യാത്രചെയ്ത ‘ഡെന്നി' ബസിലെ ജീവനക്കാരുമായി ബന്ധപ്പെട്ടു. പരിശോധനയിൽ ബസിനുള്ളിൽനിന്ന് വള കണ്ടത്തി.
തൃപ്പൂണിത്തുറയിൽനിന്നുള്ള മടക്കയാത്രയിൽ കൊച്ചിൻ ബാങ്ക് ജങ്‌ഷനിൽവച്ച് റൂബിയുടെ ഭർത്താവ് എസ് എ എം കമാലിന് ബസ് ജീവനക്കാർ വള കൈമാറി. ഡെന്നി ബസിലെ കണ്ടക്ടർ ബെന്നി, ചെക്കർ ജോയി ഡ്രൈവർ തമ്പി എന്നിവരെ പൗരാവലിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.








0 comments