Deshabhimani

റോഡിൽ ചോരചിന്തി മരണപ്പാച്ചിൽ

A deadly dash, spilling blood on the road.

എറണാകുളം കെപിസിസി ജങ്ഷനിൽ സിഗ്നലിൽ മുന്നിലുള്ള 
വാഹനങ്ങളെ മറികടക്കാനായി റോങ് സൈഡിൽകൂടെ കയറിവരുന്ന സ്വകാര്യബസ്

വെബ് ഡെസ്ക്

Published on Nov 05, 2026, 02:30 AM | 1 min read

കൊച്ചി


ജില്ലയിലെ റോഡുകളെ കൊലക്കളമാക്കി സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലും മത്സരയോട്ടവും നിയന്ത്രണമില്ലാതെ തുടരുന്നു. പൊലീസിനെയും മോട്ടോർ വാഹനവകുപ്പിനെയും കാഴ്‌ചക്കാരാക്കിയാണ്‌ സ്വകാര്യ ബസുകളുടെ പാച്ചിൽ. കാക്കനാട് ഐടി ജീവനക്കാരിയുടെ മരണമാണ് ഒടുവിലത്തേത്. മരണവേഗത്തിനുപുറമെ നിസാരകാര്യങ്ങളെച്ചൊല്ലി ജീവനക്കാർ റോഡിൽ ഏറ്റുമുട്ടുന്നതും പതിവായി. ​


ജൂലൈ ഒന്പതിന് ബസിടിച്ച് ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തൊഴിലാളി മരിച്ചിരുന്നു. കാസര്‍കോട് സ്വദേശി സുനില്‍കുമാറാണ്‌ (46) കച്ചേരിപ്പടി ആശിര്‍ഭവന് സമീപം അപകടത്തില്‍ മരിച്ചത്. എറണാകുളം–ചേരാനല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് ഇടിച്ചത്. ജൂലൈ രണ്ടിന് കോതമംഗലത്ത് കോഴിപ്പിള്ളിയില്‍ വളവ് വീശിയെടുത്ത സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റ കന്യാസ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു. കോതമംഗലം എസ്ഡി കോൺവന്റ് സെന്റ്‌ വിൻസെന്റ് പ്രോവിൻസ് അംഗം സിസ്റ്റർ ഹെലറ്റ് പുത്തേട്ടാണ്‌ (56) മരിച്ചത്. ജൂൺ 12ന് പറവൂരില്‍ ബസ് ജീവനക്കാരുടെ അടിപിടിയിലാണ്‌ ഡ്രൈവര്‍ ഏഴിക്കര സ്വദേശി സിബി മരിച്ചത്.


സമയക്രമത്തെച്ചൊല്ലിയായിരുന്നു തർക്കം. സെപ്തംബർ 23ന് രവിപുരത്ത് ബസിനെ മറികടക്കാന്‍ ഇടത്തുവശത്തുകൂടി മത്സരപ്പാച്ചിൽ നടത്തിയ ബസ് ഫുട്പാത്തിലേക്ക് കയറി, വഴിയാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ദൃശ്യം ഉള്‍ക്കിടലത്തോടെയാണ് ജനം കണ്ടത്. കളമശേരിയില്‍ കഴിഞ്ഞമാസം ബസ് മൂന്നുതവണ സ്കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് യുവതി ബസിന്റെ മുന്നില്‍ കയറിനിന്ന് പ്രതിഷേധിച്ചിരുന്നു. നഗരത്തിലോടുന്ന പല ബസുകൾക്കും സ്ഥിരം ഡ്രൈവർമാരില്ല. ഓരോ ദിവസവും ഓരോരുത്തര്‍ എന്നരീതിയാണ്. ലഹരി ഉപയോഗിക്കുന്നവരും ഏറെ. ഇവ പരിശോധിക്കാനോ നടപടിയെടുക്കാനോ അധികൃതർ തയ്യാറാകാത്തതാണ്‌ അപകടങ്ങളും ആക്രമണസംഭവങ്ങളും തുടരാൻ വഴിയൊരുക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home