Deshabhimani

പൊരുതി മുന്നേറിയവൾ ചാരുലത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2026, 03:00 AM | 1 min read

കാസർകോട്‌ തളർത്താൻ നോക്കിയിട്ടും തോറ്റുകൊടുക്കാതെ സ്വന്തം സ്വപ്‌നങ്ങൾക്ക്‌ ചിറകുനൽകി പൊരുതി മുന്നേറിയവളാണ്‌ ചാരുലത. അവഗണനയും പരിഹാസവും ഏറെ നേരിട്ടു. എങ്കിലും പതറിയില്ല. ആത്മവിശ്വസം കൈമുതലാക്കിയാണ്‌ ഓരോ ചുവടും മുന്നോട്ടുവച്ചത്‌. അറിയപ്പെടുന്ന നർത്തകിയും നൃത്ത അധ്യാപികയുമാണ്‌ അവരിപ്പോൾ. 2023ൽ പുറത്തിറങ്ങിയ ഡോ. ജെസിയുടെ ‘നീതി’യെന്ന സിനിമയിൽ പാടി മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ പിന്നണി ഗായികയായി മാറി ചാരുലത. ശ്രദ്ധേയമായ രണ്ട്‌ ഗാനങ്ങളാണ്‌ സിനിമയിൽ ആലപിച്ചത്‌. പിന്നീട്‌ കലാഭവൻ മണി ഫൗണ്ടേഷൻ നിറവ് പുരസ്‌കാരം, പൂവച്ചൽ ഖാദർ പുരസ്‌കാരം, ജില്ലാ പഞ്ചായത്തിന്റെ സമം പുരസ്‌കാരം എന്നിവ ചാരുലതയെ തേടിയെത്തി. നീലേശ്വരത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന്‌ ചരിത്രത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ്‌ ചാരുലത നൃത്തം തന്റെ വഴിയായി തെരഞ്ഞെടുക്കുന്നത്‌. പിലാത്തറ ലാസ്യ കോളേജിൽ നൃത്തത്തിൽ ബിരുദവും തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽനിന്ന്‌ ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. നൃത്ത പഠനമാണ്‌ തന്റെ ജീവിതത്തിന്‌ കരുത്തായതെന്ന്‌ ചാരുലത പറയുന്നു. അത്‌ പിന്നീട്‌ തന്റെ ഉപജീവനമാർഗമാക്കി മാറ്റാനും സാധിച്ചു. നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്‌. 11 വർഷമായി ‘നാട്യധർമി’ എന്ന പേരിൽ ചാരുലത നൃത്ത വിദ്യാലയം നടത്തിവരുന്നു. കരിന്തളത്തും കുറുഞ്ചേരിയിലും ചോയ്യങ്കോടും സ്ഥാപനം പ്രവർത്തിക്കുന്നു. സാമ്പത്തിക ഭദ്രത കൈവരിച്ച അന്നുമുതലാണ് തന്റെ നിലപാടുകൾക്ക്‌ കൂടുതൽ പരിഗണന ലഭിച്ചുതുടങ്ങിയതെന്നും അതിനുശേഷമാണ് സമൂഹത്തിനു മുന്നിൽ തന്റെ വ്യക്തിത്വം വെളിപ്പെടുത്തിയതെന്നും ചാരുലത പറയുന്നു. സിനിമയിൽ പിന്നണി ഗായികയായെങ്കിലും അഭിനയമോഹവും ഉള്ളിലുണ്ട്‌. കിനാനൂർ കരിന്തളം പഞ്ചായത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ ആദ്യ വോട്ടറാണ്‌. ട്രാൻസ്‌ജെൻഡർ ക്ഷേമ സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റാണ്‌. ട്രാൻസ്‌ജെൻഡർ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനും മുന്നിലുണ്ട്‌. കരിന്തളം കാലിച്ചാമരം സ്വദേശിനിയായ ചാരുലത ഏതാനും വർഷമായി അമ്മ കാർത്യായനിയോടൊപ്പം ചോയ്യങ്കോട്ടാണ്‌ താമസം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home