Deshabhimani

ഗുണ്ടാരാജ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2026, 03:43 AM | 1 min read

കോട്ടയം യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയതോടെ ജില്ലയിൽ ഗുണ്ടകളുടെ ഭരണം. പൊലീസുകാരെയും പൊലീസ്‌ സ്‌റ്റേഷനുംവരെ അക്രമിക്കും വിധമാണ്‌ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസം ചങ്ങനാശേരി പൊലീസിനെ വിറപ്പിക്കുംവിധമായിരുന്നു പരാക്രമം. ബാറിലും മൊബൈൽ കടയിലും പൊലീസ്‌ സ്‌റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവും കാപ്പാ കേസ്‌ പ്രതികളുമായിരുന്നു. ഓപറേഷൻ തൂഫാനിന്റെ പേരിലുള്ള പ്രചാരണ കോലാഹലങ്ങളല്ലാതെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിൽ പൊലീസ്‌ പരാജയമാണ്‌. ഭരണതലങ്ങളിൽനിന്ന്‌ ലഭിക്കുന്ന സഹായംകൊണ്ടാണ്‌ ഇവർ ജയിലിലാകാതെ വിലസുന്നത്‌. കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്പോഴും സർക്കാർ ഉന്നതരിലുള്ള പിടിമൂലം കുറ്റവാളികൾ രക്ഷപ്പെടുകയാണ്‌. നഗരത്തെയും പൊലീസ് സ്റ്റേഷനെയും വിറപ്പിച്ച ഗുണ്ടാസംഘത്തെയും യൂത്തുകോൺഗ്രസ് നേതാവായ അഭിഭാഷകൻ ജൂബിനെയും അറസ്റ്റ്‌ ചെയ്തതറിഞ്ഞ് വിവിധ പ്രദേശത്തുള്ള ഗുണ്ടാ സംഘങ്ങൾ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇവരെ ജാമ്യത്തിലിറക്കാനായി കോൺഗ്രസുകാരായ നിരവധി അഭിഭാഷകരും പൊലീസ്‌ സ്‌റ്റേഷനിൽ തടിച്ചുകൂടി. ഗുണ്ടകളെ മോചിപ്പിക്കാൻ കോൺഗ്രസുകാർ പരസ്യമായി രംഗത്തിറങ്ങുകയാണ്‌. ഇപ്പോൾ അറസ്റ്റിലായ ഗുണ്ടാസംഘം ഒരു മാസം മുൻപ് ചങ്ങനാശേരി മുനിസിപ്പൽ ആർക്കേഡിൽ വടിവാൾ വീശി ഭീഷണി മുഴക്കിയിരുന്നു. അന്ന് ഇവരെ പൊലീസ്‌ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയങ്കിലും സാക്ഷി പറയാൻ ആരും തയ്യാറാകാത്തതിനാൽ പിറ്റേന്ന് തന്നെ ജാമ്യം ലഭിച്ചു. അടുത്തിടെയാണ്‌ രാത്രി നഗരത്തിൽ കാർ തടഞ്ഞുനിർത്തി കാപ്പ കേസ്‌ പ്രതി യുവാവിനെ തലയ്‌ക്ക്‌ അടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചത്‌. എസി റോഡിലെ ബാർ ഹോട്ടലിലും അക്രമം നടന്നു. ഗുണ്ടകളെ നിരീക്ഷിക്കാനുള്ള പൊലീസിന്റെ ഗ്രിപ് ലിസ്റ്റ് പദ്ധതിയുണ്ടെങ്കിലും അറസ്റ്റ് ചെയ്താൽ സഹായിക്കാൻ കോൺഗ്രസ് നേതാക്കൾ സ്റ്റേഷനിൽ പറന്നെത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home