തുടർ നടപടിയില്ല ചട്ടഞ്ചാലിലെ ലൈഫ്മിഷൻ ഫ്ലാറ്റ് സമുച്ചയം കാടുകയറുന്നു

ഉദുമ എൽഡിഎഫ് സർക്കാർ 6.50 കോടി രൂപ ചെലവിൽ ചെമ്മനാട് പഞ്ചായത്തിലെ ബെണ്ടിച്ചാൽ മൊട്ടയിൽ നിർമിച്ച ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം കാടുമൂടുന്നു. ഉദ്യോഗസ്ഥരുടെയും കരാർ കമ്പനിയുടെയും കടുത്ത അനാസ്ഥയും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയുമാണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്‌ക്ക് കാരണം. ഫ്ലാറ്റ് സമുച്ചയത്തിന്റെ 95 ശതമാനം ജോലിയും പൂർത്തിയായി. അവസാനഘട്ട പണി മാത്രമാണ് ബാക്കിയുള്ളത്. പ്ലമ്പിങ്, ബൾബ്, ഫാൻ ഘടിപ്പിക്കൽ, ജല സൗകര്യം തുടങ്ങിയവയാണ് ഒരുക്കാനുള്ളത്. 44 കുടുംബങ്ങൾക്കുള്ള ഭവനപദ്ധതിയാണിത്. പരമ്പരാഗത വീട് നിർമാണ രീതികളിൽനിന്ന് വ്യത്യസ്തമായി, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് കരാറെടുത്ത് ഫ്ലാറ്റ് സമുച്ചയമൊരുക്കുന്നത്. വെള്ളപ്പൊക്കം, ഭൂകമ്പം എന്നിവയെ നേരിടാൻ കരുത്തുള്ള 44 വ്യക്തിഗത ഫ്ലാറ്റുകളാണുള്ളത്. എല്‍ജിഎസ്എഫ്- പ്രീഫാബ് എന്ന ആധുനിക സാങ്കേതികവിദ്യ ഉപേയാഗിച്ചാണ് 50 സെന്റ് സ്ഥലത്തെ ഈ നാലുനില കെട്ടിടം. 26,848 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ 511 ചതുരശ്ര അടി വിസ്തീർണമുള്ള വ്യക്തിഗത ഫ്ലാറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. രണ്ടു കിടപ്പുമുറികൾ, ഒരു ഹാൾ, അടുക്കള, ബാൽക്കണി, ശുചിമുറി എന്നിവ അടങ്ങിയതാണ് ഒരു കുടുംബത്തിനുള്ള ഫ്ലാറ്റിലെ സൗകര്യങ്ങൾ. ഇതിനുപുറമേ അങ്കണവാടി, വായനശാല, വയോജന പരിപാലന കേന്ദ്രം, പൊതുവായ മുറി, സിക്ക് റൂം, മാലിന്യ സംസ്കരണ കേന്ദ്രം, സൗരോർജ സംവിധാനം എന്നിവയും വേഗത്തില്‍ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാനായിരുന്നു എൽഡിഎഫ് സർക്കാർ പദ്ധതിയിട്ടത്. സ്വന്തമായി ഭൂമിയില്ലാത്ത ഭവന രഹിതർ, വാസയോഗ്യമല്ലാത്ത വീടുള്ളവർ, തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ പുറമ്പോക്കിലോ താൽകാലിക വീടുള്ളവർ, ഭൂമിയുള്ള ഭവനരഹിതർ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ചെമ്മനാട് പഞ്ചായത്തിന്റെ കൈവശമുള്ള ഒരു ഏക്കര്‍ സ്ഥലത്താണ് ഫ്ലാറ്റ് സമുച്ചയം. അധികാരത്തിലെത്തി ആറു മാസമായിട്ടും ഫ്ലാറ്റ് സമുച്ചയത്തിന് ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കാൻ പോലും അധികൃതർ ശ്രദ്ധിക്കുന്നില്ല.







0 comments