Deshabhimani

വിടാതെ മഴ; അടക്കാ കർഷകർ ദുരിതത്തിൽ

കർഷകർ ഉണക്കാനിട്ട അടക്ക മഴ കാരണം മുളച്ചു വന്ന അവസ്ഥയിൽ
വെബ് ഡെസ്ക്

Published on Nov 05, 2026, 03:00 AM | 1 min read

രാജപുരം കവുങ്ങിന്റെ വിവിധ രോഗബാധ കാരണം കർഷകർ ദുരിതമനുഭവിക്കുമ്പോൾ വിടാതെ പെയ്യുന്ന തുലാമഴയും പ്രതിസന്ധിയുണ്ടാക്കുന്നു. സാധാരണയായി വിളവെടുപ്പിനും അടയ്ക്ക ഉണക്കുന്നതിനും അനുയോജ്യമായ സമയത്ത് തുടർച്ചയായുള്ള മഴ കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാവുന്നു. മലയോരത്ത്‌ മഴ കാരണം വിളവെടുത്ത അടയ്ക്ക ഉണക്കാൻ കഴിയാത്ത സ്ഥിതി. പറിച്ച് വെയിലത്ത് ഉണക്കാനിട്ട അടക്ക മഴ നനഞ്ഞ് ചീഞ്ഞുപോകുന്ന അവസ്ഥയാണ്‌. പലതും മുളച്ചു പൊങ്ങി വന്നു. അടക്ക വിളവെടുപ്പും ഉണക്കലും സജീവമാകേണ്ട സമയത്താണ്‌ വിടാതെ മഴയും കർഷകരെ വലക്കുന്നത്‌. മഴ നിൽക്കാത്തതിനാൽ രോഗം കാരണമുള്ള അടക്ക പൊഴിച്ചിലും വ്യാപകമായി. ഈർപ്പം നിലനിൽക്കുന്നതിനാൽ അടയ്ക്കയ്ക്ക് പൂപ്പൽ ബാധിക്കാനും ഗുണനിലവാരം കുറയാനും സാധ്യതയേറെ. ഇത് വിപണിയിൽ മികച്ച വില ലഭിക്കാത്ത സ്ഥിതിയുണ്ടാക്കും. കൃഷിക്കായി വളം, മരുന്ന്, തൊഴിലാളികളുടെ കൂലി തുടങ്ങിയ ഇനങ്ങളിൽ വലിയ തുക ചെലവഴിക്കുന്ന കർഷകർക്ക് കാലാവസ്ഥാ വ്യതിയാനം ഇരട്ടപ്രഹരമാണ് നൽകുന്നത്‌. പല കർഷകർക്കും ഉൽപ്പാദനച്ചെലവ് പോലും തിരിച്ചുപിടിക്കാൻ കഴിയാത്ത അവസ്ഥ. വിളവെടുത്ത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കഴിയാതെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർ നേരിടുന്നത്. അടക്ക ഉണക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്താൻ വലിയ സാമ്പത്തിക ചെലവ് വരുന്നുണ്ട്‌. സർക്കാർ സബ്സിഡി നൽകിയാൽ കർഷകർക്ക് അത്‌ ആശ്വാസമാകും. നഷ്ടം നേരിട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരവും ആവശ്യമായ സഹായങ്ങളും ലഭ്യമാക്കണമെന്ന്‌ കർഷകർ ആവശ്യപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home