കർണാടക വ്യാജന് വിഐപി പരിഗണന വീട് കേന്ദ്രീകരിച്ചുള്ള വിൽപനയും തകൃതി

കാറഡുക്ക കാറഡുക്ക പഞ്ചായത്തിൽ അതിർത്തി കടന്നെത്തുന്ന കർണാടക വ്യാജമദ്യം സുലഭമാണ്. മുള്ളേരിയയിലെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‍ലെറ്റ് യുഡിഎഫ് സർക്കാർ വന്നയുടൻ ബദിയഡുക്കയിലേക്ക് മാറ്റിയിരുന്നു. ഇതോടെ ഇവിടെ വ്യാജ മദ്യത്തിന്റെ ഒഴുക്ക് തുടങ്ങി. നിയമപാലകരുടെ കൺമുന്നിൽ ബെള്ളൂർ, കാറഡുക്ക എന്നിവിടങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ച് കച്ചവടം നടന്നിട്ടും തിരിഞ്ഞുനോക്കാൻ എക്സൈസ് തയ്യാറാകുന്നില്ല. ഇരു പഞ്ചായത്തുകളിലും സ്ഥിരമായി മദ്യം ലഭിക്കുന്ന പോയിന്റുകൾ, വനാതിർത്തികൾ എന്നിവിടങ്ങളിലാണ് പ്രധാനമായും കർണാടക മദ്യം സൂക്ഷിക്കുന്ന രഹസ്യതാവളങ്ങൾ. ചെറുമൊബൈൽ പാക്കറ്റുകളിൽ കൃത്യമായ അളവിൽ കർണാടകയിൽനിന്ന് അതിർത്തി കടന്നെത്തുന്ന മദ്യമാണ് മലയോര മേഖലയിൽ എത്തുന്നത്. വ്യാജമദ്യം വാങ്ങാൻ എത്തുന്നവർ ചുരുങ്ങിയത് 200 രൂപയെങ്കിലും സ്ഥിരം ചെലവഴിക്കും. കിട്ടുന്ന കൂലിയിൽ പകുതിയിലധികവും ഇങ്ങനെ ചെലവാകും. കർണാടക അതിർത്തിഗ്രാമങ്ങളിലെ ഊടുവഴികളിലൂടെ ഇരുചക്രവാഹനങ്ങളിലും രഹസ്യ അറകളുള്ള ഓട്ടോയിലുമാണ് ഇവ വില്പന കേന്ദ്രത്തിലേക്ക് എത്തിക്കുന്നത്. ചെറിയ പാക്കറ്റുകളായതിനാൽ ആർക്കും സംശയം തോന്നാത്തവിധം വീടുകളിലും തോട്ടങ്ങളിലും ഒളിപ്പിച്ചുവയ്‌ക്കാനും ആവശ്യക്കാർക്ക് എളുപ്പത്തിൽ കൈമാറാനും സംഘങ്ങൾക്ക് കഴിയുന്നു. വർഷങ്ങളായി ഒരേ വീടുകൾ കേന്ദ്രീകരിച്ച് കച്ചവടം സജീവമായി നടന്നിട്ടും ഈ 'കോട്ട'കളിലേക്ക് അധികൃതർ തിരിഞ്ഞുനോക്കാറില്ല. ആർക്കും തൊടാനാവാത്ത സംരക്ഷണ വലയമാണ് ഇവർക്ക് ലഭിക്കുന്നത്. റോഡരികിലെ പെട്ടിക്കടകൾ, അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ എന്നിവ കേന്ദ്രീകരിച്ചും ഇടപാട് പൊടിപൊടിക്കുന്നു. അതിർത്തിയിലെ കടത്തുകാർ റോന്തുചുറ്റുന്നത് തടസ്സങ്ങളൊന്നുമില്ലാതെയാണ്. നാട്ടുകാരുടെ പരാതികൾ അവഗണിച്ച് മാഫിയക്ക് കുടപിടിക്കുന്ന എക്സൈസ് നിലപാടിനെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ. (തുടരും)







0 comments