print edition കമീഷൻ രാജ് പിടിക്കപ്പെട്ടപ്പോൾ കള്ളം പറഞ്ഞ് മുഖ്യമന്ത്രി

വി ഡി സതീശൻ
പി ആർ ചന്തു കിരൺ
Published on Nov 05, 2026, 02:29 AM | 1 min read
തിരുവനന്തപുരം : സ്വകാര്യ പ്ലാറ്റ്‌ഫോംവഴി വൻ കമീഷൻ തട്ടാനുള്ള വൈദ്യുതി കരാർ പുറത്തായതോടെ നുണപറഞ്ഞ് രക്ഷപ്പെടാനുള്ള തന്ത്രവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ജനറൽ നെറ്റ്‌വർക് ആക്‌സസ് പ്ലാറ്റ്ഫോമിൽനിന്നുള്ള (ജിഎൻഎ) വൈദ്യുതി ലാഭകരമെന്ന മുഖ്യമന്ത്രിയുടെ വാദം വസ്‌തുതാവിരുദ്ധം. ജിഎൻഎയ്‌ക്കുവേണ്ടി ഹിമാചൽ പ്രദേശിൽനിന്നുള്ള കരാർ ഒഴിവാക്കിയാൽ 727 കോടി രൂപയുടെ അധികബാധ്യതയാണ് സർക്കാരിനുണ്ടാകുക.
ജിഎൻഎ, ഹിമാചൽ പ്രദേശ് വൈദ്യുതി കരാറുകൾ താരതമ്യം ചെയ്‌ത് കെഎസ്‌ഇബി തയാറാക്കിയ നോട്ടിൽ 461 കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹിമാചലിൽനിന്ന് യൂണിറ്റിന് 12.50 രൂപ നിരക്കിൽ 1105 കോടിയും 14.50 രൂപയാണെങ്കിൽ 1281 കോടിയും മതിയാകും. എന്നാൽ, ഹിമാചൽ കരാർ നടപ്പാക്കിയാൽ 2232 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന വിചിത്ര കണക്കാണ് മുഖ്യമന്ത്രി അവതരിപ്പിരിപ്പിച്ചത്.
ജിഎൻഎ ഇടപാടിന് 1566 കോടിയാണ് ചെലവ്. പീക് സമയത്ത് ജിഎൻഎ വഴിയാണ് കൂടുതൽ വൈദ്യുതി കിട്ടുന്നതെന്ന വാദവും കള്ളം. ഇത് ചൂണ്ടിക്കാണിച്ച കെഎസ്‌ഇബി സിഎംഡി എം ജി രാജമാണിക്യത്തെ പുറത്താക്കിയാണ് കള്ളക്കണക്കുകൊണ്ട് മുഖ്യമന്ത്രിയുടെ പ്രതിരോധം.
ജിഎൻഎ വഴി മാർച്ചുവരെ പീക്ക് സമയത്ത് 500 മെഗാവാട്ട് വൈദ്യുതിയെ ലഭിക്കു. എന്നാൽ നവംബർ മുതൽ ഏപ്രിൽ വരെ പീക്ക് സമയത്ത് 864 മെഗാവാട്ട് മുതൽ 1,280 മെഗാവാട്ട് വരെ വൈദ്യുതി ഹിമാചൽ കരാറിൽ ലഭിക്കും.
ജിഎൻഎ കരാറെങ്കിൽ 364 മുതൽ 780 മെഗാവാട്ടുവരെ വൈദ്യുതി വേറെ കണ്ടെത്തണം. ജിഎൻഎ ഏപ്രിലിൽ ഇല്ലാത്തതിനാൽ 1,178 മെഗാവാട്ട് അധികവും കണ്ടെത്തണം.
നവംബർ – ഏപ്രിൽ മാസത്തിൽ അധിക വൈദ്യുതി വാങ്ങാൻ 442 കോടി രൂപയും വേണം. ഇതുകൂടി ചേർത്താണ് കുറഞ്ഞത് 727 കോടിയുടെ നഷ്‌ടമുണ്ടാകുമെന്ന് കണക്കാക്കിയത്. യൂണിറ്റിന് 8.90 രൂപവരെ വിലയുള്ള രണ്ട് ജിഎൻഎ ഇടപാടിന് അനുവാദം നൽകിയെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥന് ബന്ധമുള്ള ഗുജറാത്തിലെ കമ്പനിയിൽനിന്നടക്കമാണ് കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങുന്നത്.









0 comments