ദീപാവലിക്കുമുന്പെ
മധുരിച്ച് വിപണി

നഗരത്തിലെ കാലിക്കറ്റ് ബേക്സ് ബോർമയിൽ ദീപാവലി വിപണിയിലേക്കുള്ള മധുരപലഹാരങ്ങൾ തയ്യാറാക്കുന്നു
കൊച്ചി
ദീപങ്ങളുടെ മാത്രമല്ല മധുരപലഹാരങ്ങളുടെകൂടി ഉത്സവമാണ് ദീപാവലി. ലഡു, ജിലേബി, ഹൽവ, പേഡ, മൈസൂർ പാക്ക്, ബാദുഷ, കാജു കത്‌ലി... തുടങ്ങി രുചികരമായ പലഹാരങ്ങൾ വിപണിയിൽ സജീവമായി. ആഘോഷങ്ങൾക്ക് മധുരമേകി പലഹാരങ്ങളുടെ വിൽപ്പനയും പൊടിപൊടിക്കുകയാണ്.
വൈവിധ്യമാർന്ന മധുരപലഹാരങ്ങൾ തേടി നിരവധിപേരാണ് കടകളിൽ എത്തുന്നത്. ലഡു, ജിലേബി, മൈസൂർ പാ, ഹൽവ എന്നിവയെല്ലാം വിവിധ നിറത്തിലും രുചിയിലുമാണ് എത്തിയിട്ടുള്ളത്. 350 രൂപ മുതൽ മുകളിലേക്കാണ് ഒരുകിലോ പലഹാരങ്ങളുടെ വില. പഞ്ചസാര, പാൽ എന്നിവയുടെ വിലയിലെ വർധനമൂലം മുൻവർഷത്തെ അപേക്ഷിച്ച് പലഹാരങ്ങൾക്ക് വിലവർധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും സമ്മാനമായി നൽകാവുന്നവിധം ആകർഷകമായ പെട്ടികളിലാണ് പലഹാരങ്ങളുടെ വിൽപ്പന.
പല ബേക്കറികളും ദീപാവലി പലഹാരങ്ങൾക്കായി പ്രത്യേകം കൗണ്ടറുകളും തുറന്നിട്ടുണ്ട്. ബ്രാൻഡഡ് ഉൽപന്നങ്ങൾക്കും പ്രാദേശിക ഉൽപന്നങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ചെറുകിട വിപണിക്കുപുറമേ ഷോപ്പിങ് മാളുകളിലും വിപണികൾ ഒരുക്കിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തനത് രുചികളോടൊപ്പം കേരളത്തിലെ രുചിവൈവിധ്യങ്ങൾകൂടി ചേരുന്പോൾ വിപണി ഉഷാറാവും.









0 comments