ad
Deshabhimani

ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോൾ

print edition സലാം സലാ

salah

സിംബാബ്‌വെയ്--ക്കെതിരെ ഈജിപ്തിന്റെ വിജയഗോൾ നേടിയ 
മുഹമ്മദ് സലായുടെ ആഹ്ലാദം

വെബ് ഡെസ്ക്

Published on Dec 24, 2025, 01:26 AM | 1 min read

അഗാദിർ (മൊറോക്കോ)

മുഹമ്മദ്‌ സലായുടെ പരിക്കുസമയ ഗോളിൽ ഇ‍ൗജിപ്‌ത്‌ രക്ഷപ്പെട്ടു. ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോളിൽ സിംബാബ്‌വെയോട്‌ 2–1ന്‌ ജയിച്ചു. പിന്നിട്ടുനിന്നശേഷമായിരുന്നു അറബ്‌ സംഘത്തിന്റെ തിരിച്ചുവരവ്‌. പ്രിൻസ്‌ ദുബെയിലൂടെ ഇരുപതാം മിനിറ്റിൽ സിംബാബ്‌വെ ലീഡെടുത്തു. ഒമർ മർമോഷിലൂടെ രണ്ടാംപകുതിയിൽ ഇ‍ൗജിപ്‌ത്‌ ഒപ്പമെത്തി. പരിക്കുസമയം സൂപ്പർതാരം സലാ വിജയമുറപ്പിച്ചു. ലിവർപൂൾ കുപ്പായത്തിൽ ക്ലബ്‌ ഫുട്‌ബോളിലെ എല്ലാ ട്രോഫികളും ഉയർത്തിയ മുപ്പത്തിമൂന്നുകാരന്‌ ദേശീയ കുപ്പായത്തിൽ ഇതുവരെയും കിരീടങ്ങളില്ല. 2017ലും 2021ലും ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫൈനലിൽ അടിപതറി. ഇത്തവണ ചരിത്രം കുറിക്കാൻ ലക്ഷ്യമിട്ടാണ്‌ മുന്നേറ്റക്കാരനെത്തുന്നത്‌.


കരുത്തുറ്റ ഇ‍ൗജിപ്‌തിനെതിരെ അഞ്ച്‌ പ്രതിരോധക്കാരെ അണിനിരത്തിയാണ്‌ സിംബാബ്‌വെ എത്തിയത്‌. ആദ്യപകുതിയിൽ ഇ‍ൗ തന്ത്രം വിജയം കാണുകയും ചെയ്‌തു. കളിയിൽ 80 ശതമാനവും പന്ത്‌ ഇ‍ൗജിപ്‌തിന്റെ കാലുകളിലായിരുന്നു. ആകെ 43 ഷോട്ടുകളാണവർ പായിച്ചത്‌. എന്നാൽ രണ്ടെണ്ണം മാത്രമാണ്‌ വലകയറിയത്‌. കടുത്ത പ്രതിരോധത്തിനിടെ കിട്ടിയ അവസരം മുതലെടുത്താണ്‌ ദുബെ സിംബാബ്‌വെയെ മുന്നിലെത്തിച്ചത്‌. ഗോളിൽ ഞെട്ടിയ സലായും കൂട്ടരും ആഞ്ഞടിച്ചു.


മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുന്ന മർമോഷ് ഇടവേളയ്‌ക്കുശേഷം മുഹമ്മദ്‌ ഹംദി നൽകിയ പാസിലൂടെയാണ്‌ ലക്ഷ്യം കണ്ടത്‌. ഒപ്പമെത്തിയപ്പോൾ പിരമിഡിന്റെ നാട്ടുകാർ ഉയിർത്തെഴുന്നേറ്റു. തുടർച്ചയായ ആക്രമണങ്ങളുടെ ഫലമായി പരിക്കുസമയം സലാ വലകണ്ടു. ഗോൾമുഖത്ത്‌ കിട്ടിയ പന്ത്‌ രണ്ട്‌ സിംബാബ്‌വെ പ്രതിരോധക്കാരെ മറികടന്ന്‌ ഇടംകാൽ കൊണ്ട്‌ അടിക്കുകയായിരുന്നു. 26ന്‌ ദക്ഷിണാഫ്രിക്കയുമായാണ്‌ ബി ഗ്രൂപ്പിൽ ഇ‍ൗജിപ്‌തിന്റെ കളി. ദക്ഷിണാഫ്രിക്ക അംഗോളയെ 2–1ന്‌ മറികടന്നു. മറ്റൊരു മത്സരത്തിൽ മാലിയും സാംബിയയും ഓരോ ഗോളടിച്ച്‌ പിരിഞ്ഞു.


ഇന്ന്‌ നിലവിലെ ചാമ്പ്യൻമാരായ ഐവറികോസ്റ്റ്‌ മൊസാംബിക്കിനെ നേരിടും. അൾജീരിയ സുഡാനോടും കാമറൂൺ ഗാബോണിനോടും ഏറ്റുമുട്ടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home