ad
Deshabhimani

'എന്നാലാവുന്നത്‌ രാജ്യത്തിനായി ചെയ്‌തു'; സാദിയോ മാനെ ദേശീയ കുപ്പായമഴിച്ചു

Sadio Mane.jpg
വെബ് ഡെസ്ക്

Published on Jul 10, 2026, 08:12 PM | 1 min read

ന്യൂയോർക്ക്‌: സെനെഗൽ സൂപ്പർ താരം സാദിയോ മാനെ ദേശീയ കുപ്പായമഴിച്ചു. ലോകകപ്പ്‌ ഫുട്‌ബോളിൽ റ‍ൗണ്ട്‌ ഓഫ്‌ 32ൽ പുറത്തായതിന് പിന്നാലെയാണ് 34കാരൻ വിരമിക്കൽ പ്രഖ്യാപിച്ചത്. നാല്‌ കളിയിൽ നിന്ന് മുന്നേറ്റക്കാരനായ മാനെയ്ക്ക് ഗോളൊന്നും നേടാനായിരുന്നില്ല.


14 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് വിരാമമായത്. 2012ലായിരുന്നു അരങ്ങേറ്റം. 130 മത്സരത്തിൽ 54 ഗോളും 29 അവസരങ്ങളുമൊരുക്കി. 2022ൽ ആഫ്രിക്കൻ നേഷൻസ്‌ കപ്പും നേടി. രണ്ടുതവണ ആഫ്രിക്കയുടെ മികച്ച ഫുട്‌ബോളറുമായി. സ‍ൗദി അറേബ്യൻ ക്ലബ്‌ അൽ നസറിനായി കളി തുടരും. ‘എന്നാലാവുന്നത്‌ രാജ്യത്തിനായി ചെയ്‌തു. എല്ലാ പിന്തുണയ്‌ക്കും നന്ദി’– മാനെ പറഞ്ഞു.


മാനെയുടെ നേതൃത്വത്തിൽ 2025ൽ മൊറോക്കോയെ വീഴ്ത്തി ആഫ്രിക്കൻ നേഷൻസ്‌ കപ്പ് നേടെയെങ്കിലും ഫുട്‌ബോളിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ കീരീടം നഷ്ടമായി. ജനുവരി 18ന്‌ നടന്ന ഫൈനലിൽ ഒരു ഗോളിന്‌ ജയം സ്വന്തമാക്കിയ സെനെഗലിൽ നിന്ന്‌ കിരീടം തിരിച്ചുവാങ്ങുകയായിരുന്നു. ഫൈനലിനിടെ പ്രതിഷേധിച്ച്‌ കളംവിട്ടതാണ്‌ സെനെഗലിന്‌ തിരിച്ചടിയായത്‌. നിയമപ്രകാരം മൂന്ന്‌ ഗോളിനാണ്‌ മൊറോക്കോയെ ജേതാക്കളായി പ്രഖ്യാപിച്ചത്‌. സംഭവത്തിൽ സെനെഗലിനെതിരെ മൊറോക്കോ ആഫ്രിക്കൻ ഫുട്‌ബോൾ ഫെഡറേഷന്‌ അപ്പീൽ നൽകിയിരുന്നു.


മൊറോക്കോയിലെ റബാത്തിൽ നടന്ന ഫൈനൽ വിവാദങ്ങൾ കൊണ്ടാണ്‌ ശ്രദ്ധേയമായത്‌. സെനെഗലും മൊറോക്കോയും തമ്മിലുള്ള ചൂടേറിയ മത്സരത്തിനൊടുവിൽ മൊറോക്കോയ്‌ക്ക്‌ റഫറി പെനൽറ്റി അനുവദിച്ചതാണ്‌ വിവാദങ്ങൾക്ക്‌ കാരണമായത്‌. കളിയുടെ അന്ത്യഘട്ടത്തിൽ മൊറോക്കോയ്‌ക്ക്‌ നൽകിയ പെനൽറ്റിയിൽ സെനെഗൽ പ്രതിഷേധിച്ചു. കോച്ച്‌ പാപെ തിയാ കളിക്കാരെ തിരിച്ചുവിളിച്ചു.


അതേസമയം, മാനെ കളിക്കാരോട്‌ കളംവിടരുതെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ 17 മിനിറ്റ്‌ കഴിഞ്ഞാണ്‌ സെനെഗൽ ടീം കളത്തിൽ തിരിച്ചെത്തിയത്‌. പിന്നാലെ മൊറോക്കോ താരം ബ്രാഹിം ഡയസിന്റെ പെനൽറ്റി പാഴാകുകയും ചെയ്‌തു. അധികസമയത്ത്‌ പാപെ ഗയെയാണ്‌ സെനെഗലിന്റെ വിജയഗോൾ നേടിയത്‌. സെനെഗൽ ചാമ്പ്യൻമാരുമായി.ഈ ഘട്ടത്തിലാണ്‌ വിജയം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മൊറോക്കോ ഫെഡറേഷന്‌ പരാതി നൽകിയത്‌.


ആർട്ടികൾക്ക്‌ 82 പ്രകാരം മത്സരം അവസാനിക്കുന്നതിന്‌ മുമ്പ് റഫറിയുടെ അനുവാദമില്ലാതെ കളംവിട്ടാൽ ആ ടീമിനെ തോറ്റവരായി കണക്കാക്കുകയും ടൂർണമെന്റിൽനിന്ന്‌ പുറത്താക്കുകയും ചെയ്യാമെന്നാണ്‌ ചട്ടം. തോറ്റ ടീമിനെ മൂന്ന്‌ ഗോളിന്റെ വിജയിയായും പ്രഖ്യാപിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home