ട്രെയിനിന്റെ ബോഗിയിൽനിന്ന് പുക: സാങ്കേതിക പരിശോധനയ്‌ക്ക് റെയിൽവേ

ആലപ്പുഴ : ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബ്രേക്ക് തകരാറിലായി ബോഗിയുടെ പിൻഭാഗത്ത് പുക ഉയർന്ന സംഭവത്തിൽ കൂടുതൽ സാങ്കേതിക പരിശോധനകൾക്ക് റെയിൽവേ. പുക ഉയർന്ന ബോഗി അഴിച്ചുമാറ്റിയാണ് പരിശോധിക്കുക. പാളവും പരിശോധിക്കും. ദക്ഷിണ റെയിൽവേയുടെ സാങ്കേതികവിഭാഗത്തിനാണ് ചുമതല. ബ്രേക്കിലുണ്ടായ തകരാർ കാരണം ചക്രം ഞെരുങ്ങിയതാണ് തീ ഉയരാൻ കാരണമെന്നാണ് നിഗമനം.
വ്യാഴാഴ്‌ച എറണാകുളം –കോട്ടയം– കായംകുളം മെമുവിൽനിന്നാണ് പുകയുയർന്നത്. മെമു ഇൗരേഴ ഭാഗത്ത് എത്തിയപ്പോൾ ട്രാക്കിൽ പണിയെടുത്തുകൊണ്ടിരുന്ന ട്രാക് മെയിന്റനർമാരാണ് ട്രെയിനിന്റെ പിൻഭാഗത്തുനിന്ന് വലിയതോതിൽ പുക ഉയരുന്നത് ശ്രദ്ധിച്ചത്. ഇവർ ഉടനെ തൊട്ടടുത്ത ലെവൽക്രോസുകളിൽ വിവരം അറിയിച്ചു. ഇവിടെനിന്ന് റെയിൽവേ അധികൃതരെ ബന്ധപ്പെടുകയും അവർ നിർദേശം നൽകിയത് അനുസരിച്ച് കൊയ്‌പ്പള്ളി കാരായ്‌മ ഭാഗത്ത് ട്രെയിൻ നിർത്തുകയും ചെയ്‌തു. അപ്പോഴേയ്‌ക്കും ഒന്നര കിലോമീറ്ററോളം പിന്നിട്ടിരുന്നു. തുടർന്ന് റെയിൽവേയുടെ സാങ്കേതിക വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ബ്രേക്കിലെ തകരാർ കണ്ടെത്തുകയുമായിരുന്നു.
തുടർന്ന് ട്രെയിൻ പാളത്തിൽ പിടിച്ചിട്ടു. ഇതോടെ മറ്റ് ട്രെയിനുകൾ വൈകി. വൈകിട്ട് ഗതാഗതം പുനഃസ്ഥാപിച്ചു. ചക്രം പാളത്തിൽ ഉരഞ്ഞഭാഗത്ത് ട്രെയിനുകൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.











0 comments