അയോധ്യ സംഭാവന തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ജൂലൈ 13-ന് പരിഗണിക്കും

എ ഐ നിർമിത ചിത്രം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളും വഴിപാടുകളും വകമാറ്റി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ സുപ്രീംകോടതി ഇടപെടുന്നു. സംഭവത്തിൽ സ്വതന്ത്രവും സമയബന്ധിതവുമായ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം പൊതുതാൽപര്യ ഹർജികൾ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ജൂലൈ 13 തിങ്കളാഴ്ച പരിഗണിക്കും.
വേനലവധിക്ക് ശേഷം സുപ്രീംകോടതി വീണ്ടും തുറക്കുന്ന ദിവസമാണ് ഹർജികൾ കേൾക്കുന്നത്. രാമക്ഷേത്രത്തിന്റെ മേൽനോട്ടം വഹിക്കുന്ന 'ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ' വിദേശ ഫണ്ടുകൾ ഉൾപ്പെടെയുള്ള മുഴുവൻ സാമ്പത്തിക വിവരങ്ങളും പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ എംപി സുധാകർ സിംഗ് നൽകിയ ഹർജിയും ഇതിനൊപ്പമുണ്ട്.
സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണത്തിന് പുറമെ ട്രസ്റ്റിന്റെ പണമിടപാടുകളിൽ പ്രത്യേക ഫോറൻസിക് ഓഡിറ്റിങ് നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. ഡിജിറ്റൽ ഇടപാടുകളുടെ രേഖകൾ, യുപിഐ ലോഗുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവയടക്കമുള്ള തെളിവുകൾ നശിപ്പിക്കപ്പെടാതെ സൂക്ഷിക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്.
ക്ഷേത്രത്തിലെ സംഭാവനകളിൽ വൻ ക്രമക്കേട് നടന്നതായി ട്രസ്റ്റ് തന്നെ പരാതിപ്പെട്ടതിനെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എസ്ഐടിയുടെ പ്രാഥമിക അന്വേഷണത്തിൽ ക്ഷേത്രത്തിലെ പണം എണ്ണുന്ന മുറിയിൽ വൻ സുരക്ഷാവീഴ്ചകൾ കണ്ടെത്തുകയും ഇത് ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ആസൂത്രിതമായ കവർച്ചയാണെന്ന് വ്യക്തമാവുകയും ചെയ്തു.
ഏപ്രിൽ 27 നും ജൂൺ 5 നും ഇടയിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പണം എണ്ണുന്ന ജീവനക്കാർ തങ്ങളുടെ വസ്ത്രങ്ങളിലും ഷൂസുകളിലും പോക്കറ്റുകളിലും പണക്കെട്ടുകൾ ഒളിപ്പിച്ചു കടത്തുന്നതിന്റെ 70 ഓളം ദൃശ്യങ്ങൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
നിലവിൽ ഈ കേസിൽ എട്ട് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രാദേശിക പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സ്വതന്ത്ര ഏജൻസിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നുമാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം.











0 comments