ബാബ സിദ്ദിഖി വധം: അൻമോൽ ബിഷ്‌ണോയിയെ കസ്റ്റഡിയിലെടുക്കാത്തതിൽ മുംബൈ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം

അൻമോൽ ബിഷ്ണോയ്, ബാബ സിദ്ദിഖി
മുംബൈ: എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖിയുടെ വധക്കേസിലെ മുഖ്യപ്രതികളിലൊരാളും അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനുമായ അൻമോൽ ബിഷ്ണോയിയെ കസ്റ്റഡിയിലെടുക്കാത്തതിന് മുംബൈ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി. അൻമോലിനെ കസ്റ്റഡിയിലെടുക്കാൻ എല്ലാ നിയമപരമായ നടപടികളും സ്വീകരിക്കണമെന്നും പ്രത്യേക മക്കോക്ക കോടതി ജഡ്ജി സത്യനാരായണൻ ആർ നവാന്ദർ പറഞ്ഞു. നിലവിൽ ന്യൂഡൽഹിയിലെ തിഹാർ ജയിലിലാണ് അൻമോൽ. ബാബ സിദ്ദിഖിയുടെ കുടുംബം സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജൂലൈ 24 നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രതിയെ കസ്റ്റഡിയിൽ എടുക്കുക, അന്വേഷണം നടത്തുക, പ്രതിയെ ചോദ്യം ചെയ്യുക, വിചാരണയ്ക്ക് വിധേയമാക്കുക എന്നിവ അന്വേഷണ ഏജൻസിയുടെയും നിയമ നിർവ്വഹണ അധികാരികളുടെയും പ്രത്യേക ഉത്തരവാദിത്തങ്ങളാണ്. കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അന്വേഷണ ഏജൻസിയെ അതിന്റെ നിയമപരമായ കടമകളെക്കുറിച്ച് ഓർമിപ്പിക്കേണ്ടി വരരുത് - കോടതി പറഞ്ഞു.
2024 ഒക്ടോബർ 12 രാത്രിയാണ് ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെടുന്നത്. മകൻ സീഷൻ സിദ്ദിഖിയുടെ ബാന്ദ്ര ഈസ്റ്റ് പ്രദേശത്തുള്ള ഓഫിസിന് പുറത്തുവെച്ചാണ് അക്രമികളുടെ വെടിയേറ്റത്. ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനായ അൻമോലിനെ കഴിഞ്ഞ വർഷം നവംബറിൽ യുഎസിൽ നിന്ന് നാടുകടത്തുകയും തുടർന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ബാഹ്യ സമ്മർദ്ദം കാരണമാണ് ബിഷ്‌ണോയിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുക്കാത്തതെന്നും ഇതിന് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ബാബ സിദ്ദിഖിയുടെ കുടുംബം കോടതിയെ സമീപിച്ചത്. പൊലീസിനെ രൂക്ഷമായി വിമർശിച്ച പ്രത്യേക ജഡ്ജി പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കാൻ കോടതി നിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടി വരുന്നത് നിർഭാഗ്യകരമായ സാഹചര്യമാണെന്നും പറഞ്ഞു. എന്നാൽ ആരോപണങ്ങൾ അന്വേഷണ ഏജൻസി നിഷേധിച്ചു. ബിഷ്‌ണോയിയെ കസ്റ്റഡിയിലെടുക്കാൻ തയ്യാറാണെന്ന് പറഞ്ഞ ഏജൻസി വിഷയത്തിൽ ചില തടസ്സങ്ങളും ചൂണ്ടിക്കാട്ടി. എങ്കിലും കോടതിയുടെ അനുമതിയോടെ നിലവിലെ കേസിൽ പ്രതിയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യാൻ കഴിയുമെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി
ആവശ്യമെങ്കിൽ, ഡൽഹിയിലെ ബന്ധപ്പെട്ട കോടതിയിൽ നിന്ന് അനുമതി നേടിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുമ്പോൾ പ്രതിയെ ചോദ്യം ചെയ്യാമെന്നും മക്കോക്ക കോടതി ചൂണ്ടിക്കാട്ടി. ഇത്തരം മാർഗങ്ങൾ അന്വേഷണ ഏജൻസി മനപൂർവം അവഗണിച്ചതായും കോടതി വിമർശിച്ചു.
ലോറൻസ് ബിഷ്‍ണോയിക്കും ഭീകരൻ ഗോൾഡി ബ്രാറിനും വേണ്ടി നിരവധി കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് അൻമോൽ. ബാബ സിദ്ദിഖിയുടെ കൊലയ്ക്ക് പുറമെ പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകം, സൽമാൻ ഖാന്റെ വീടിന് മുന്നിലെ വെടിവയ്‍പ് തുടങ്ങിയ കേസുകളിലും അൻമോൽ പ്രതിയാണ്. രാജസ്ഥാനിൽ മാത്രം 22 കേസുണ്ട്. 10 ലക്ഷം രൂപ തലയ്‌ക്ക് എൻഐഎ വിലയിട്ടിരുന്നു.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലായുള്ള ലോറൻസ് ബിഷ്‍ണോയിയുടെ ക്രിമിനൽ സംഘത്തെ നയിക്കുന്നത് അൻമോലാണെന്ന് എൻഐഎ പറയുന്നു. ഭാനു എന്നപേരിൽ വ്യാജ പാസ്‍പോർട്ടിൽ 2022 മേയിലാണ് യുഎസിലേക്ക് കടന്നത്. രേഖകൾ വ്യാജമാണെന്ന് കഴിഞ്ഞവർഷം യുഎസ് ഇമിഗ്രേഷൻ കണ്ടെത്തിയതിനെത്തുടർന്നാണ് നാടുകടത്തിയത്.











0 comments