ad
Deshabhimani

ഹരിയാനയിൽ പാഴ്‌സലായി അയച്ച 3 ലക്ഷത്തിലധികം പെയിൻ കില്ലർ ​ടാബ്‍ലറ്റുകൾ പിടികൂടി; ബയോടെക് സ്ഥാപനത്തിനെതിരെ കേസ്

tablet

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 10, 2026, 11:05 PM | 2 min read

സിർസ: ഹരിയാനയിലെ സിർസയിൽ പാഴ്‌സൽ വഴി കടത്താൻ ശ്രമിച്ച 3 ലക്ഷത്തിലധികം ടാപെന്റഡോൾ ഗുളികകൾ പിടികൂടി. സംഭവത്തിൽ ബയോടെക് സ്ഥാപനത്തിനെതിരെ കേസെടുത്തു. പഞ്ചാബിലെ ബതിൻഡയിൽ നിന്നുള്ള പാഴ്‌സൽ സർവീസ് വഴിയാണ് മരുന്ന് കടത്താൻ ശ്രമിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 75 ലക്ഷം രൂപ വിലമതിക്കുന്ന 3.06 ലക്ഷം ടാപെന്റഡോൾ ഗുളികകൾ പിടിച്ചെടുത്തതായി സിർസ പൊലീസ് വെള്ളിയാഴ്ച പറഞ്ഞു.


മരുന്ന് കടത്തുന്നതിനായി വ്യാജ ബില്ലുകളും വ്യാജ രേഖകളും നിർമിച്ചതിന് അഷ്മുൻ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ജഗ്ദേവ് സിംഗ് ചൗക്കിൽ വച്ച് പട്രോളിംഗിനിടെയാണ് മരുന്ന് കടത്താൻ ശ്രമിച്ച പിക്കപ്പ് വാഹനം ആന്റി നാർക്കോട്ടിക്സ് സെൽ സംഘം തടഞ്ഞത്. സിർസ സ്വദേശികളായ രാജ്പാൽ, ഭരത് കുമാർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.


ചോദ്യം ചെയ്യലിൽ, ഭട്ടിൻഡയിലെ ലോട്ടറി മാർക്കറ്റിൽ മൈക്കൽ പാഴ്‌സൽ സർവീസ് എന്ന പേരിൽ ഒരു പാഴ്‌സൽ ഷോപ്പ് നടത്തുന്നതായി ഭരത് കുമാർ പൊലീസിനോട് പറഞ്ഞു. പാഴ്സലുകൾ ഡെലിവറിക്കായി സിർസയിലെ എംസി മാർക്കറ്റിലുള്ള ഔട്ട്‌ലെറ്റിലേക്ക് കൊണ്ടുപോവുകയാണെന്നും ഇയാൾ പറഞ്ഞു. സംശയം തോന്നിയ ഉദ്യോ​ഗസ്ഥർ വാഹനത്തിലുണ്ടായിരുന്ന പത്ത് പെട്ടികൾ തുറന്ന് പരിശോധിച്ചപ്പോഴാണ് ടാപെന്റഡോൾ ഗുളികകൾ കണ്ടെടുത്തത്. മരുന്നുകളുമായി ബന്ധപ്പെട്ട ലൈസൻസുകളോ രേഖകളോ ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. തുടർന്ന് മരുന്ന് പിടിച്ചെടുത്ത് തുടർ നിയമനടപടികൾക്കായി ഡ്രഗ് ഇൻസ്പെക്ടർക്ക് കൈമാറി.


പ്രാഥമിക അന്വേഷണത്തിൽ അഷ്മുൻ ബയോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ പാക്കേജിംഗിലും ഇൻവോയ്‌സുകളിലും നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന്റെ ഭാ​ഗമായി ബട്ടിൻഡയിലും ചണ്ഡീഗഡിലും എഎസ്പി ആദർശ്ദീപ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം റെയ്ഡുകൾ നടത്തിയതായി എസ്പി പറഞ്ഞു.


ചണ്ഡീഗഡിലെ ഇൻഡസ്ട്രിയൽ ഏരിയ ഫേസ് II ൽ അഷ്മുൻ ബയോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാൽ അന്വേഷണങ്ങളിൽ മൂന്ന് മാസം മുമ്പ് ഈ സ്ഥലം ഒഴിപ്പിച്ചതായി കണ്ടെത്തി. കമ്പനിയുടെ പങ്ക് അന്വേഷിച്ചുവരികയാണെന്നും മുഴുവൻ ശൃംഖലയും പുറത്തുകൊണ്ടുവരുന്നതിനായി ബട്ടിൻഡയിലും ചണ്ഡീഗഡിലും റെയ്ഡുകൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home