print edition തിരിഞ്ഞുകൊത്തി വിഴിഞ്ഞവും: സതീശൻ ഒറ്റപ്പെടുന്നു

റഷീദ് ആനപ്പുറം
Published on Jul 10, 2026, 11:25 PM | 1 min read
തിരുവനന്തപുരം: മദ്യനികുതി ഇളവിനും പിഎം ശ്രീക്കും പിന്നാലെ വിഴിഞ്ഞവും യുഡിഎഫ് സർക്കാരിനെ തിരിഞ്ഞുകൊത്തുന്നു. ചാർട്ടേഡ് വിമാനത്തിൽ അദാനി ഗ്രൂപ്പ് പ്രമുഖനെ കാണാൻ മംഗളൂരുവിലേക്ക് വി ഡി സതീശൻ നടത്തിയ യാത്ര ചർച്ചയാകാതിരിക്കാൻ എൽഡിഎഫിനെതിരെയും ‘ദേശാഭിമാനി’ക്കെതിരെയും കഥ മെനഞ്ഞതും എട്ടുനിലയിൽ പൊട്ടിയതോടെ മുന്നണിയിൽ സതീശൻ ഒറ്റപ്പെടുന്നു. മുസ്ലിംലീഗ് അടക്കം നിരന്തരം ആവശ്യപ്പെട്ടിട്ടും യുഡിഎഫ് യോഗം വിളിക്കാൻ ഇതുവരെ സതീശൻ തയ്യാറാകാത്തത് ഇൗ പേടിയിലാണ്.
വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾ മുന്നണിയിലെ മന്ത്രിമാരോ നേതാക്കളോ പിന്തുണച്ചിട്ടില്ല. വാദങ്ങൾ പൊളിയുന്നതിന്റെ വെപ്രാളമാണ് വാർത്താസമ്മേളത്തിലും പ്രകടമാകുന്നത്. അപ്രിയസത്യങ്ങൾ ചോദിക്കുന്പോൾ മാധ്യമപ്രവർത്തകരോട് കയർത്ത് തിരിച്ചു ചോദ്യങ്ങൾ ചോദിച്ച് ഒഴിഞ്ഞുമാറുകയാണ്.
സതീശനെതിരെ കോൺഗ്രസിൽ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തെ രൂക്ഷമായി വിമർശിച്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിലെ ഭരണം ആർഎസ്‌എസിന്റെതല്ല എന്നാണ് ഓർമിപ്പിച്ചത്. മുതിർന്ന നേതാക്കളായ പി ജെ കുര്യനും വി എം സുധീരനും തീരുമാനങ്ങൾ പാർടിയിലും മുന്നണിയിലും ചർച്ചചെയ്യുന്നില്ലെന്ന വിമർശം ഉന്നയിച്ചു. കരിമണൽ ഖനനം പോലുള്ള വിഷയങ്ങൾ ചർച്ചചെയ്യാത്തതിൽ ലീഗും നീരസത്തിലാണ്. മുന്നണിയോഗം വിളിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി തന്നെ സതീശനോട് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചിട്ടില്ല.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നാണ് സതീശന്റെ വാദം. മംഗളൂരു യാത്രയെകുറിച്ച് ആദ്യം വാർത്ത നൽകിയ ചാനലിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഇൗ ചാനലിന്റെ ഉടമയാകട്ടെ കേരളത്തിന് പുറത്തുള്ള പ്രമുഖ കോൺഗ്രസുകാരനാണ്. ആ നേതാവാകട്ടെ കെ സി വേണുഗോപാലിന്റെ അടുപ്പക്കാരനും. കോൺഗ്രസിലെ ഉൾപ്പോരിലേക്കാണ് സതീശൻ വിരൽചൂണ്ടുന്നത്.










0 comments