ad
Deshabhimani

ശുചീകരണ 
തൊഴിലാളികളോടും ക്രൂരത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 11, 2026, 12:34 AM | 1 min read

തിരുവനന്തപുരം

മാനദണ്ഡം പാലിക്കാതെയും മാനുഷിക പരിഗണന നൽകാതെയും ശുചീകരണത്തൊഴിലാളികളോടും കോർപറേഷൻ ബിജെപി ഭരണസമിതിയുടെ ക്രൂരത. കിലോമീറ്ററുകൾക്ക്‌ അകലേക്ക്‌ 117 ശുചീകരണത്തൊഴിലാളികളെ സ്ഥലംമാറ്റിയാണ്‌ ഉത്തരവിട്ടത്‌. 25 സർക്കിളിൽ 21ലും സെക്രട്ടറിമാരെയും പ്രസിഡന്റുമാരെയും മാറ്റി. രാഷ്‌ട്രീയപ്രേരിതമായി മാറ്റിയവർ സിഐടിയു ഭാരവാഹികളാണ്‌. പേസ്‌മേക്കറിന്റെ സഹായത്താൽ ജീവൻനിലനിർത്തിപ്പോരുന്ന തൊഴിലാളികൾവരെ കൂട്ടത്തിലുണ്ട്‌. അതിരാവിലെ എണീറ്റ്‌ ദൂരസ്ഥലങ്ങളിലേക്ക്‌ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട്‌ അറിയിച്ചിട്ടും കരുണ കാട്ടിയില്ല. അപേക്ഷ നൽകിയ തൊഴിലാളികളെ പരിഗണിച്ചില്ല. ഭരണകക്ഷിക്ക്‌ ഇഷ്‌ടപ്പെട്ട 11 പേർക്ക്‌ അവരുടെ താൽപ്പര്യാർഥം മാറ്റംനൽകി. നഗരത്തെ പകർച്ചവ്യാധികളിൽനിന്നും മാലിന്യത്തിൽനിന്നും സംരക്ഷിക്കാൻ അഹോരാത്രം പണിയെടുക്കുന്നവരോട്‌ ശത്രുതാനിലപാട്‌ സ്വീകരിക്കുന്നതിനെതിരെ പ്രതിഷേധമുണ്ട്‌. സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാതെയാണ്‌ ഇവർ പണിയെടുക്കുന്നത്‌. രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ജാഗ്രതയോടെ ഉറക്കമില്ലാതെയിരിക്കുന്ന തൊഴിലാളികൾക്ക്‌ ജീവനുപോലും ഭീഷണിയുണ്ട്‌. കഴിഞ്ഞ ദിവസം രണ്ട് തൊഴിലാളികളെ ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കാനെത്തിയ സംഘം ഓട്ടോ ഇടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. പരിക്കേറ്റവർ തലനാരിഴയ്ക്കാണ്‌ രക്ഷപ്പെട്ടത്‌. പണിയെടുക്കുന്ന ഭൂരിപക്ഷം തൊഴിലാളികളും തങ്ങളുടെ സംഘടനയിൽപ്പെട്ടവരല്ലാത്തതിനാലാണ്‌ പകപോക്കൽ. സ്ഥലംമാറ്റ ഉത്തരവ്‌ നിർത്തിവയ്ക്കണമെന്നും അല്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന്‌ മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി കണ്ണമ്മൂല വിജയൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home