സിപിസിയുടെ 105–ാം സ്ഥാപിതദിനം:
ഇന്ത്യ–ചൈന ബന്ധത്തെ നയിക്കേണ്ടത് പരസ്‌പര ബഹുമാനം: എം എ ബേബി


സ്വന്തം ലേഖകൻ
Published on Jul 11, 2026, 12:10 AM | 1 min read
ന്യൂഡൽഹി
: അന്പതുകളിൽ അംഗീകരിച്ച പഞ്ചശീല തത്വങ്ങൾ വർത്തമാനകാലത്തും പ്രസക്തമാണെന്നും ഇന്ത്യ–ചൈന ബന്ധത്തെ നയിക്കേണ്ടത് പരസ്‌പര ബഹുമാനവും സഹകരണവുമാണെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ 105–ാം സ്ഥാപിതദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ചൈനീസ് എംബസിയിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറുപതുകളുടെ തുടക്കത്തിൽതന്നെ സമാധാനപരമായി തർക്കങ്ങൾ പരിഹരിക്കണമെന്ന ഇന്ത്യൻ കമ്യൂണിസ്‌റ്റ് പാർടിയുടെ അഭിപ്രായത്തിന് പിന്നാലെ പാർടി കടുത്ത പീഡനങ്ങൾ നേരിട്ടുവെന്നും എന്നാൽ ആ നിലപാട് പിന്നീട് അംഗീകരിക്കപ്പെട്ടുവെന്നും ബേബി ചൂണ്ടിക്കാട്ടി.
ഉഭയകക്ഷി വ്യത്യാസങ്ങൾക്കിടയിലും ഇന്ത്യയും ചൈനയും പരസ്‌പരം ഇടപെടുന്ന ബഹുരാഷ്ട്ര വേദികളായി ബ്രിക്‌സും ഷാങ്ഹായ് സഹകരണ സംഘടനയും (എസ്‌സിഒ) മാറി. ചില രാജ്യങ്ങൾ ഏകപക്ഷീയമായ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ലോകത്ത് ഇത് അന്ത്യന്താപേക്ഷിതമാണ്. ലോകജനസംഖ്യയുടെ മൂന്നിലൊന്നും ഇന്ത്യയിലും ചൈനയിലുമാണ്. ഇരുരാജ്യങ്ങളുടെയും ഒന്നിച്ചുള്ള വളർച്ച ലോകത്തിന് മുതൽക്കൂട്ടാകും. ജപ്പാനെതിരെയുള്ള യുദ്ധത്തിൽ 1938ൽ ചൈനീസ് പാർടിയെ സഹായിക്കാൻ ഇന്ത്യയിൽനിന്ന് പോയ അഞ്ചംഗ മെഡിക്കൽ സംഘത്തിലുണ്ടായിരുന്ന ഡോ. ദ്വാരകാനാഥ് കോട്നിസ് ജോലിഭാരത്തെ തുടർന്ന് 32–ാം വയസിലാണ് അന്തരിച്ചത്.
അദ്ദേഹത്തിന്റെ ത്യാഗം ഇരുരാജ്യത്തെയും ജനങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായി ഇപ്പോഴും ആദരിക്കപ്പെടുന്നു– ആശംസാപ്രസംഗത്തിൽ ബേബി പറഞ്ഞു. ചൈനീസ് അംബാസഡർ ഷു ഫയോങ്, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ, സിപിഐ എംഎൽ നേതാവ് രാജീവ് ദിമ്രി എന്നിവരും സംസാരിച്ചു.









0 comments