വടക്കേവിളയിലെ പൊലീസ് രാജ്
ശക്തമായ പ്രക്ഷോഭവുമായി സിഐടിയു

പഴയാറ്റിൻ കുഴിയിൽ പൊലീസ് മർദിച്ച വഴിയോരക്കച്ചവട തൊഴിലാളികൾ സിഐടിയു ഓഫീസിൽ ജില്ലാ സെക്രട്ടറി എസ് ജയമോഹനനുമായി സംസാരിക്കുന്നു
കൊല്ലം
കോർപറേഷനിലെ വടക്കേവിള സോണൽ പരിധിയിൽ അടിയന്തരാവസ്ഥയെപ്പോലും നാണിപ്പിക്കുന്ന രീതിയിൽ വഴിയോരക്കച്ചവടക്കാർക്ക് നേരെ നടന്ന പൊലീസ് നരനായാട്ടിലും കോർപറേഷൻ അധികൃതരുടെ കിരാത നടപടിയിലും സിഐടിയു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കോർപറേഷൻ വഴിയോരക്കച്ചവടക്കാർക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സോണിനുള്ളിൽ ഇരുന്ന് വർഷങ്ങളായി നിയമപരമായി ഉപജീവനമാർഗം കണ്ടെത്തുന്നവരെയാണ് പൊലീസിനെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് തെരുവിലേക്ക് തള്ളിയിട്ടത്. ഭരണമാറ്റത്തിന്റെ മറവിൽ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അടിച്ചമർത്താമെന്നും വഴിയാധാരമാക്കാമെന്നും ഏതെങ്കിലും ഉദ്യോഗസ്ഥ മേധാവികൾ കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹമാണെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പും സെക്രട്ടറി എസ് ജയമോഹനും മുന്നറിയിപ്പ് നൽകി. തൊഴിൽ തർക്കങ്ങളിൽ പൊലീസ് ഇടപെടരുതെന്ന കർശന നിയമങ്ങൾ നിലനിൽക്കെ ഇവിടെ പൊലീസിനെ കെട്ടഴിച്ചുവിട്ട് നഗ്നമായ നിയമലംഘനമാണ് അധികാരികൾ നടത്തിയത്. അന്യായ നടപടിയെ ജനാധിപത്യപരമായി ചോദ്യംചെയ്ത യൂണിയൻ ജില്ലാ നേതാക്കളെ പൊലീസ് ക്രൂരമായി മർദിച്ചു. സർവീസിൽനിന്ന് വിരമിച്ച് പൈതൃക-തൊഴിലാളി മേഖലകളിൽ സജീവമായി ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന മുതിർന്ന പൗരനും നേതാവുമായ ത്യാഗരാജനെ മൃഗീയമായാണ് പൊലീസ് തല്ലിച്ചതച്ചത്. മുതിർന്ന പൗരനു നേരെ നടന്ന ഈ നരനായാട്ടിനെതിരെ വയോജന കമീഷനിലും വയോജന വകുപ്പിലും പരാതി നൽകും. മർദനത്തിന് നേതൃത്വം നൽകിയ പൊലീസുകാർക്കെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കുന്നതുവരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു. മർദനമേറ്റ തൊഴിലാളികൾ സിഐടിയു ഓഫീസിൽ പൊലീസിന്റെയും കോർപറേഷന്റെയും ഈ കിരാത നടപടിയിൽ മർദനമേറ്റ തൊഴിലാളികളും യൂണിയൻ ഭാരവാഹികളും വെള്ളിയാഴ്‌ച സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. ത്യാഗരാജനെ മർദിച്ചതിനെതിരെ വയോജന കമീഷനും വയോജന വകുപ്പിനും പരാതി നൽകുമെന്ന് ജില്ലാ സെക്രട്ടറി എസ് ജയമോഹൻ പറഞ്ഞു.










0 comments