കൊല്ലം റെയിൽവേ സ്റ്റേഷൻ
സുരക്ഷ മറന്ന് നവീകരണം

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നവീകരണത്തിന്റെ ഭാഗമായി നിർമാണത്തിൽ ഇരിക്കുന്ന എയര്‍ കോണ്‍കോഴ്സ് ഇരുമ്പ് ചവിട്ടുപടി തടിക്കഷണത്തിൽ താങ്ങി നിർത്തിയിരിക്കുന്നു
സ്വന്തം ലേഖകൻ
Published on Jul 11, 2026, 12:35 AM | 2 min read
കൊല്ലം
ഇഴഞ്ഞുനീങ്ങിയ 361കോടി രൂപയുടെ നവീകരണ നിർമാണ പ്രവർത്തനങ്ങൾ ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ സന്ദർശനം പ്രമാണിച്ച് കൊല്ലം റെയിൽവേ സ്റ്റേഷനിൽ വീണ്ടും സജീവമായി. എന്നാൽ, സുരക്ഷയ്‌ക്ക് വേണ്ടത്ര പരിഗണന നൽകാതെയാണ് നിർമാണം. കഴിഞ്ഞവർഷം ജൂലൈ 11ന് നിർമാണത്തിനിടെ കെട്ടിടത്തിന്റെ മുകളിൽനിന്ന് കന്പിവീണ് പ്ലാറ്റ്‌ഫോമിൽനിന്ന യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. അഞ്ച് പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ച് എയര്‍ കോണ്‍കോഴ്സ് നിർമിക്കുന്നിടത്ത് എല്ലായിടത്തും മറവില്ല. തടിക്കഷണങ്ങളിലും ഇരുന്പുതൂണിലും കോൺക്രീറ്റ് നടക്കുന്നിടത്ത് യാത്രക്കാർ കടന്നുപോകുന്നു. ഒരുവശം മറച്ചിട്ടുണ്ടെങ്കിലും മറുവശം തുറന്നുകിടക്കുകയാണ്. പ്ലാറ്റ് ഫോമുകളിലെ കുഴികളും പൊട്ടിപ്പെളിഞ്ഞ ടൈൽസും യാത്രക്കാർക്ക് ഭീഷണിയാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലം പ്ലാറ്റ്‌ഫോമുകളിൽ അപകടം പതിയിരിക്കുന്നു. നിർമാണത്തിന്റെ ഭാഗമായി പ്ലാറ്റ്‌ഫോമുകളുടെ ഏറിയസ്ഥലവും കെട്ടിമറച്ചിരിക്കുന്നതും തിരക്കുസമയങ്ങളിൽ അപകടത്തിന് കാരണമാകുന്നു. ട്രെയിൻ വരുന്പോൾ പരിമിതമായ സ്ഥലത്ത് തിക്കുംതിരക്കും ഉണ്ടാകുകയും യാത്രക്കാർ ട്രാക്കിലേക്ക് വീഴാനും സാധ്യതയുണ്ട്. ട്രെയിനും യാത്രക്കാരും തമ്മിലുള്ള അകലവും തീരെക്കുറയുന്നു. നിർമാണം കാരണം കുറഞ്ഞ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ തൽക്കാലം വർധിപ്പിക്കാൻ കഴിയില്ലെന്നാണ് സ്റ്റേഷൻ അധികൃതർ പറയുന്നത്. നിർമാണത്തിന്റെ പേരിൽ ഒന്നരവർഷത്തിലേറെയായി യാത്രക്കാർ അനുഭവിക്കുന്നത് കടുത്ത ദുരിതമാണ്. നിന്നുതിരിയാൻ ഇടമില്ലാത്ത പ്ലാറ്റ് ഫോമുകൾ, ഇരിപ്പിടമില്ല, മേൽക്കൂരയില്ലാത്ത പ്ലാറ്റ് ഫോമുകൾ, ഉന്തും തള്ളുമില്ലാതെ ടിക്കറ്റെടുക്കാൻ ഉണ്ടായിരുന്ന കൗണ്ടറുകളുടെ എണ്ണം ഒന്നായി വെട്ടിച്ചുരുക്കിയത്, സ്റ്റേഷനിലേക്ക് വന്നുപോകാനുള്ള വഴികൾ അടച്ചുപൂട്ടിയത് എന്നിങ്ങനെ യാത്രക്കാർ നേരിടുന്ന ദുരിതങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും എണ്ണം നിരവധിയാണ്. 135 മീറ്റര്‍ നീളത്തില്‍ 36മീറ്റര്‍ വീതിയില്‍ രണ്ട് ടെര്‍മിനലുകളെയും ബന്ധിപ്പിച്ചാണ് എയര്‍ കോണ്‍കോഴ്സ് നിർമിക്കുന്നത്. 4417 ച. മീറ്ററാണ് ഇതിന്റെ വിസ്തീര്‍ണം. ഇതില്‍ യാത്രക്കാരുടെ സഞ്ചാരപാതയും വിപുലമായ വാണിജ്യസമുച്ചയവും ഉണ്ടാകും. 12 മീറ്റര്‍ വീതിയില്‍ അഞ്ച് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചാണ് ഫുട്‌ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കേണ്ടത്. സര്‍ക്കുലേറ്റിങ് ഏരിയ, ലാൻഡ് സ്‌കേപ്പിങ് തുടങ്ങിയ പ്രവൃത്തികളും നടപ്പാക്കണം. കവാടവും ടിക്കറ്റ് കൗണ്ടറും രണ്ടുവഴിക്ക് ടിക്കറ്റ് കൗണ്ടറിന്റെ എണ്ണം വെട്ടിച്ചുരുക്കിയതും തിരിച്ചടിയായി. നിലവിൽ താൽക്കാലിക ടിക്കറ്റ് കൗണ്ടറും വഴിയും രണ്ടുദിശയിലാണ്. സ്വകാര്യ ടിക്കറ്റ് കൗണ്ടറായ എടിവി മെഷീനുകൾ പ്രവർത്തിക്കുന്നതും താൽക്കാലിക ടിക്കറ്റ് കൗണ്ടറിലാണ്. താൽക്കാലിക ടിക്കറ്റ് കൗണ്ടറിൽ എപ്പോഴും മഴയും വെയിലുമേറ്റ് നീണ്ട ക്യൂവാണ്. ടിക്കറ്റെടുത്ത് യാത്രക്കാർ ഒന്ന് എ, മൂന്ന്, നാല്, അഞ്ച് പ്ലാറ്റ് ഫോമുകളിലേക്ക് പോകാൻ ചുറ്റിക്കറങ്ങണം. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്‌ത യാത്രക്കാർക്ക് കോച്ച് പൊസിഷനും ട്രെയിൻ എത്തുന്ന പ്ലാറ്റ്‌ഫോമും ഏതെന്ന് വ്യക്തമാക്കുന്ന ബോർഡുകളും പേരിനുമാത്രം. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഇന്ന് കൊല്ലത്ത് റെയിൽവേ സ്റ്റേഷൻ നവീകരണ നിർമാണം വിലയിരുത്താൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിങ് ശനിയാഴ്‌ച രാവിലെ ഏഴിന് കൊല്ലത്ത് എത്തും. നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് പരിശോധിക്കും. അവലോകനയോഗം നിശ്‌ചയിച്ചിട്ടില്ല. 10ന് കോട്ടയം സ്റ്റേഷനിലേക്ക് പോകും.











0 comments