അനസ്‌തേഷ്യ നൽകിയതോടെ നില വഷളായി; ചികിത്സാപ്പിഴവിനെ തുടർന്ന് വെന്റിലേറ്ററിലായ ഒന്നരവയസുകാരൻ മരിച്ചു

പ്രതീകാത്മകചിത്രം
പയ്യന്നൂർ : പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെതുടർന്ന് അബോധാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു. എരമം സൗത്ത് നടുവിലെക്കുനി സ്വദേശി സുരാജ് തട്ടയിലിന്റെയും എൻ വിജിഷയുടെയും ഏകമകൻ ദേവാൻ ശൗര്യയാണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ കളിക്കുന്നതിനിടെ വീണ് താടിയിലേറ്റ ചെറിയ മുറിവിന് ചികിത്സതേടിയാണ് രക്ഷിതാക്കൾ ആശുപത്രിയിലെത്തിയത്. മുറിവ് തുന്നുന്നതിന് അനസ്തേഷ്യനൽകാൻ ഡോക്ടർ നിർദേശിച്ചു. എന്നാൽ, അനസ്‌തേഷ്യ നൽകിയതോടെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഉടൻ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്‌ധ ചികിത്സക്കായി കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്‌ച രാത്രി ഒമ്പതോടെയാണ് മരിച്ചത്.
പ്രവാസിയായ സുരാജ് തട്ടയിലിനും എറണാകുളം ഐടി പാർക്ക് ജീവനക്കാരി എൻ വിജിഷയ്‌ക്കും എട്ടുവർഷത്തെ കാത്തിരിപ്പിന്‌ശേഷം ജനിച്ച കുട്ടിയാണ് ദേവാൻ ശൗര്യ. അതിനിടെ അനസ്‌തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പയ്യന്നൂർ പൊലീസ് കേസടെുത്തിട്ടുണ്ട്. അനസ്‌തേഷ്യക്കിടെയുണ്ടായ ഹൃദയസ്‌തംഭനമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ചികിത്സാപ്പിഴവിനെതിരെ ആശുപത്രിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.











0 comments