ത്രിപുരയിൽ കനത്ത വെള്ളപ്പൊക്കം; പതിനൊന്നായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു, ഒരാൾ മരിച്ചു

അഗർത്തല: ത്രിപുരയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പ്രളയബാധ. സംസ്ഥാനത്തെ മൂന്ന് ജില്ലകളെയാണ് ഫ്ലാഷ് ഫ്ലഡ് (പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം) രൂക്ഷമായി ബാധിച്ചത്. പതിനൊന്നായിരത്തോളം ആളുകളെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പ്രളയക്കെടുതിയിൽപ്പെട്ട് ഒരാൾ മരിച്ചു. ഉനകോട്ടി, ധലായ്, ഖോവായ് എന്നീ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളാണ് പൂർണ്ണമായും വെള്ളത്തിനടിയിലായതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പ്രളയബാധിതരായ 10,977 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതിൽ ഉനകോട്ടി ജില്ലയിലെ 35 ക്യാമ്പുകളിലായി 6,068 പേരും, ധലായ്, ഖോവായ് ജില്ലകളിലായി 4,909 പേരുമാണ് കഴിയുന്നത്. കനത്ത വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്തുടനീളം 4,027 വീടുകൾ തകരുകയും വൻതോതിൽ കൃഷിനാശവും വസ്തുവകകൾക്ക് കേടുപാടുകളും സംഭവിക്കുകയും ചെയ്തു.
വടക്കൻ ത്രിപുരയിലെ ധർമ്മനഗറിൽ ജൂറി നദിയിൽ മുങ്ങിമരിച്ച ശുഭം ദേബനാഥ് (23) ആണ് പ്രളയത്തിലെ ഏക ഇര. അതേസമയം, ചിലയിടങ്ങളിൽ കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് മനു നദിയിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങിയിട്ടുണ്ട്.
അഗർത്തലയിലെ ഹൗറ നദി നിലവിൽ അപകടരേഖയ്ക്ക് താഴെയാണ് ഒഴുകുന്നതെങ്കിലും അധികൃതർ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റോഡ് ഗതാഗതം തടസ്സപ്പെടാനും മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ നദീതീരങ്ങളിലും അപകടമേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം നിർദ്ദേശിച്ചു.










0 comments