ad
Deshabhimani

സ്ക്രീൻഷോട്ടും വാട്സ്ആപ്പ് ടിക്കറ്റും ഇനി നടപ്പില്ല; ഡിജിറ്റൽ ടിക്കറ്റ് പരിശോധന കർശനമാക്കി റെയിൽവേ, ലംഘിച്ചാൽ പിഴ

Rain one.jpg
വെബ് ഡെസ്ക്

Published on Jul 10, 2026, 09:16 PM | 1 min read

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ. 'റെയിൽ വൺ' ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റൽ ജനറൽ ടിക്കറ്റുകൾ പരിശോധന സമയത്ത് ആപ്പിൽ തന്നെ നേരിട്ട് കാണിക്കണമെന്ന് റെയിൽവേ വ്യക്തമാക്കുന്നു.


ഇതിന്റെ സ്ക്രീൻഷോട്ടുകളോ, ഫോട്ടോകളോ, പിഡിഎഫ് കോപ്പികളോ, വാട്സ്ആപ്പ് വഴിയോ മറ്റ് മെസ്സേജിങ് ആപ്പുകൾ വഴിയോ പങ്കുവെച്ച ടിക്കറ്റുകളോ ഇനി മുതൽ സാധുവായ യാത്രാരേഖയായി കണക്കാക്കില്ല.


കൊർബ - വിശാഖപട്ടണം ലിങ്ക് എക്സ്പ്രസിൽ വാട്സ്ആപ്പ് സ്ക്രീൻഷോട്ട് കാണിച്ച യാത്രക്കാരന് റെയിൽവേ പിഴ ചുമത്തിയ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. പരിശോധനയിൽ ഈ ടിക്കറ്റ് ട്രെയിൻ സ്റ്റേഷൻ വിട്ടതിനുശേഷം ബുക്ക് ചെയ്തതാണെന്നും യാത്രക്കാരൻ രജിസ്റ്റർ ചെയ്ത ഫോണിലല്ല ഇതുള്ളതെന്നും റെയിൽവേ അധികൃതർ കണ്ടെത്തിയിരുന്നു.


പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം 'റെയിൽ വൺ' ആപ്പ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ഏത് ഫോണിൽ നിന്നാണോ ബുക്ക് ചെയ്തത്, ആ ഫോണിൽ തന്നെ കാണിക്കേണ്ടതുണ്ട്. ഇതിനൊപ്പം യാത്രക്കാർ തങ്ങളുടെ തിരിച്ചറിയൽ കാർഡും കൈപ്പറ്റണം.


ഒരു ഫോണിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്ത് ഒരേ ടിക്കറ്റിൽ ഒന്നിലധികം പേർ യാത്ര ചെയ്യുന്നത് തടയാനാണ് റെയിൽവേയുടെ ഈ കർശന നീക്കം.


രജിസ്റ്റർ ചെയ്ത ഫോണിൽ ടിക്കറ്റ് കാണിക്കാൻ സാധിക്കാത്തവരെയോ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവരെയോ ടിക്കറ്റില്ലാത്ത യാത്രക്കാരായി കണക്കാക്കി റെയിൽവേ നിയമപ്രകാരം കനത്ത പിഴ ഈടാക്കും.


അതിനാൽ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്ത ഫോൺ യാത്രയിലുടനീളം കൈവശം വെക്കണമെന്നും ചാർജ് തീർന്നുപോകാതെ സൂക്ഷിക്കണമെന്നും റെയിൽവേ നിർദ്ദേശിക്കുന്നു. അതേസമയം, ഈ നിബന്ധനകൾ അൺറിസർവ്ഡ് ഡിജിറ്റൽ ടിക്കറ്റുകൾക്ക് മാത്രമാണ് ബാധകം. റിസർവേഷൻ ടിക്കറ്റുകളുടെ പരിശോധന രീതികളിൽ മാറ്റമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home