print edition മാനംമുട്ടെ മാനെ

റബാത്
ആഫ്രിക്കൻ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായി മാറുകയാണ് സാദിയോ മാനെ. അഞ്ച് വർഷത്തിനിടെ രണ്ടാം തവണയും മുപ്പത്തിമൂന്നുകാരൻ സെനെഗലിനെ ആഫ്രിക്കൻ ഫുട്‌ബോളിന്റെ അമരത്തെത്തിച്ചു. ടൂർണമെന്റിലെ മികച്ച താരവും മറ്റാരുമല്ല.
നേഷൻസ് കപ്പ് ഫുട്‌ബോളിലെ വിവാദങ്ങൾ നിറഞ്ഞ ഫൈനലിൽ മാനെയായിരുന്നു താരം. പ്രതിഷേധവുമായി ടീം അംഗങ്ങൾ കളംവിട്ടപ്പോൾ കളി തുടരണം എന്നാവശ്യപ്പെട്ട് ഓടിനടന്നു. കളംവിട്ട സഹതാരങ്ങളെ ആശ്വസിപ്പിച്ച് തിരിച്ചുകൊണ്ടുവന്നു. ഫുട്‌ബോളിനോടല്ല പ്രതിഷേധമെന്ന് അവരെ ഓർമിപ്പിച്ചു. മറിച്ചായിരുന്നെങ്കിൽ സെനെഗൽ ഫുട്‌ബോളിലെ ഏറ്റവും അപമാനകരമായ ദിനമായി മാറിയേനെ അത്. നേഷൻസ് കപ്പിൽ ഇനി കളിക്കാനില്ലെന്ന് മാനെ പ്രഖ്യാപിച്ചിരുന്നു. കിരീടം ഏറ്റുവാങ്ങുന്പോൾ ക്യാപ്‌റ്റൻ അണിയാറുള്ള ആംബാൻഡ് സഹതാരങ്ങളുടെ നിർബന്ധത്താൽ കൈയിലണിഞ്ഞു. ‘ഫുട്‌ബോൾ നൽകുന്ന ആനന്ദത്തെക്കാൾ വലുത് മറ്റൊന്നുമില്ല’ മത്സരശേഷം മാനെ പറഞ്ഞു.
ആഫ്രിക്കൻ ഫുട്‌ബോൾ ലോകത്തിന് മുന്നിൽ തോറ്റുനിൽക്കുന്ന സമയത്തായിരുന്നു മാനെ രക്ഷിച്ചതെന്നായിരുന്നു മുൻ താരങ്ങൾ അഭിപ്രായപ്പെട്ടത്.രണ്ട് ആഫ്രിക്കൻ കിരീടത്തിനൊപ്പം ഓരോ തവണ ചാന്പ്യൻസ് ലീഗും ഇംഗ്ലീഷ് പ്രീമിയർ ലീഗും എഫ് എ കപ്പും ലീഗ് കപ്പും നേടി. ഒരു തവണ ജർമൻ ലീഗ് ചാന്പ്യനുമായി.
താരപ്പൊലിമകളില്ലാത്ത കളിക്കാരനാണ് മാനെ. സ്വന്തം നാടായ ബംബാലിയിൽ സ്‌കൂൾ നിർമിക്കുന്നതിനും ആശുപത്രികളുടെ കാര്യത്തിനും വലിയ ഇടപെടലുകളാണ് നടത്തുന്നത്. സൗദി ക്ലബ് അൽ നസറിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പമാണ് മാനെ പന്ത് തട്ടുന്നത്.











0 comments