15 മിനിറ്റിൽ ഹാട്രിക്; റൊണാൾഡോ കരുത്തിൽ അൽ നസർ

ഗോൾ നേട്ടം ആഘോഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ
റിയാദ്: പതിനഞ്ച് മിനിറ്റിനിടെ മൂന്ന് ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ കളം നിറഞ്ഞപ്പോൾ സൗദി പ്രോ ലീഗിൽ അൽ നസറിന് തകർപ്പൻ വിജയം. എട്ട് ഗോളുകൾ പിറന്ന ആവേശപ്പോരാട്ടത്തിൽ അൽ ഖുലൂദിനെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് അൽ നസർ പരാജയപ്പെടുത്തിയത്.
ആദ്യപകുതിയിൽ രണ്ടുതവണ വലകുലുക്കി ആതിഥേയരെ സമ്മർദത്തിലാക്കിയ അൽ ഖുലൂദിന്റെ വെല്ലുവിളി, രണ്ടാംപകുതിയിലെ ക്രിസ്റ്റ്യാനോയുടെ ഹാട്രിക്കിന് മുന്നിൽ അവസാനിച്ചു. റിയാദിലെ അൽ അവ്വൽ പാർക്കിൽ നടന്ന മത്സരത്തിൽ 66, 72, 81 മിനിറ്റുകളിലായിരുന്നു പോർച്ചുഗീസ് സൂപ്പർതാരത്തിന്റെ ഗോളുകൾ.
അൽ നസറിനായി ആഞ്ചലോയും സാദിയോ മാനെയും ഓരോ ഗോൾ നേടി.
കരിയറിൽ ആകെ നേടിയ ഗോളുകളുടെ എണ്ണം 985 ആക്കി ക്രിസ്റ്റ്യാനോ ഉയർത്തി. ആയിരം ഗോൾ എന്ന അപൂർവ നാഴികക്കല്ലിലേക്ക് ഇനി 15 ഗോളുകളുടെ അകലമാണ് താരത്തിനുള്ളത്.
ജയത്തോടെ അൽ നസർ 11 മത്സരങ്ങളിൽനിന്ന് 28 പോയിന്റിലെത്തി. 12 മത്സരങ്ങളിൽനിന്ന് 29 പോയിന്റുള്ള അൽ ഖാദിസിയാണ് മുന്നിൽ.









0 comments