എംഡിഎംഎ മോഷ്ടിച്ച എസ്ഐ ‘തൂഫാൻ വാരിയർ’; നടപടി വൈകിയത് ദുരൂഹം

അനസ് എസ് തൗഫീഖ്
കൊച്ചി: പൊലീസ് സ്‌റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചതിന് അറസ്റ്റിലായ എസ്‌ഐ ആഭ്യന്തരമന്ത്രിയുടെ ‘തൂഫാൻ പോരാളി’. എറണാകുളം സെൻട്രൽ എസ്‌ഐ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനസ് എസ് തൗഫീഖാണ് അറസ്റ്റിലായത്. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രധാന സംഘാടകനായാണ് അനസ് പ്രവർത്തിച്ചിരുന്നത്. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്‌റ്റേഷനിൽ എസ്‌ഐയായിരിക്കെ ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു. ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ മുഖ്യാതിഥിയുമായിരുന്നു.
അനസിനെ പ്രാഥമിക അന്വേഷണത്തിൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ബിഎന്‍എസ് വകുപ്പുകള്‍ പ്രകാരം തൊഴിലിടത്തില്‍ നിന്നുള്ള മോഷണം, കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിക്കല്‍, കൃത്രിമം കാണിക്കല്‍, നാര്‍ക്കോട്ടിക് ആക്റ്റ് പ്രകാരം മയക്കുമരുന്ന് വാണിജ്യാടിസ്ഥാനത്തില്‍ നിയമവിരുദ്ധമായി കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, എസ്ഐക്കെതിരെ നടപടി വൈകിയത് ദുരൂഹമാണെന്ന് ആരോപണമുണ്ട്. എസ്‌ഐയെ സസ്പെൻഡ് ചെയ്ത നടപടി കണ്ണിൽ പൊടിയിടൽ മാത്രമാണെന്നും തെളിവുണ്ടായിട്ടും എസ്ഐക്കെതിരെ നടപടി വൈകിയെന്നും സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി ആരോപിച്ചു. ഓൺലൈൻ ട്രേഡിങ്ങിലൂടെ അനസിനുണ്ടായിട്ടുള്ള കടബാധ്യത തീർക്കാനാണോ ലഹരിവസ്തു മോഷ്‌ടിച്ചതെന്ന് അന്വേഷിക്കണം. എസ്‌ഐ, ലഹരി ഉപയോഗിക്കുന്നയാളാണോ, ലഹരി ശൃംഖലയുമായി ബന്ധമുണ്ടോയെന്നതും പരിശോധിക്കണം. അനസിനെ സർവീസിൽനിന്ന് പുറത്താക്കണമെന്നും ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു.
കേസ് നടപടികൾക്കുശേഷം നശിപ്പിക്കാൻ സൂക്ഷിച്ച എംഡിഎംഎയാണ് എസ്‌ഐ മോഷ്ടിച്ചത്. എളമക്കര പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത മയക്കുമരുന്ന് കേസിൽ പിടിച്ചെടുത്തതാണിത്. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ അലമാരയിൽ സീൽ ചെയ്‌ത കവറിലാണ് 87.370 ഗ്രാം എംഡിഎംഎ സൂക്ഷിച്ചിരുന്നത്. 18ന് ഇൗ കവർ അനസ് മോഷ്ടിക്കുകയും തിരികെ 26ന് സീൽ ചെയ്യാത്ത 202 ഗ്രാമിന്റെ മറ്റൊരു കവർ കൊണ്ടുവയ്‌ക്കുകയും ചെയ്‌തു. അളവ് വ്യത്യാസം ശ്രദ്ധയിൽപെട്ടപ്പോൾ എസ്‌എച്ച്‌ഒ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അനസിൽനിന്ന് വിശദീകരണം തേടി. വിശദീകരണം തൃപ്‌തികരമല്ലെന്നും കളവായ വാദങ്ങൾ നിരത്തിയെന്നും ചൂണ്ടിക്കാട്ടി ആദ്യം സസ്‌പെൻഡ് ചെയ്‌തു. സർക്കാർ ജീവനക്കാരൻ മോഷണം നടത്തി, തെളിവ് നശിപ്പിച്ചു, ലഹരി കൈവശം വച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
എന്താവശ്യത്തിനാണ് എംഡിഎംഎ മോഷ്‌ടിച്ചതെന്ന് അന്വേഷിക്കുകയാണ്. ഓൺലൈൻ ട്രേഡിങ്ങിൽ ഏർപ്പെട്ടിരുന്ന അനസിന് വലിയ സാന്പത്തിക ബാധ്യതയുള്ളതായി സംശയിക്കുന്നു. അത് തീർക്കാൻ പണം കണ്ടെത്താനുള്ള ശ്രമമാണെന്ന് കരുതുന്നു. മറ്റാരെയെങ്കിലും കേസിൽ കുടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. സ്‌റ്റേഷനിലെ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നു.









0 comments