ഇടുക്കിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് വിദ്യാർഥികൾ മരിച്ചു

അപകടത്തില്‍ മറിഞ്ഞ ബൈക്ക്
ഇടുക്കി: ഇടുക്കി ഉപ്പുതറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ആവണി സ്വദേശി നോയൽ തോമസ് (19), മേരിക്കുളം സ്വദേശി സാനിഫ് സലിം (18) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ 1.30 ഓടു കൂടിയാണ് അപകടമുണ്ടായത്. സാനിഫ് സലിമിന്റേതാണ് ബൈക്ക്.
ആലടിയിലെത്തിയ സാനിഫ് നോയലിനെയും കൂട്ടി തിരികെ വരുന്ന വഴിക്ക് മലയാര ഹൈവയിൽ പരപ്പിലെത്തിയപ്പോഴാണ് ബൈക്കിന്റെ നിയന്ത്രണംവിട്ടത്. തുടർന്ന് റോഡിൽ നിന്നും തെന്നിമാറി സമീപത്തെ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ പുറകിലിരുന്നയാൾ റോഡിലേയ്ക്ക് തെറിച്ചുവീഴുകയും ബൈക്ക് ഓടിച്ചിരുന്നയാൾ പോസ്റ്റിലേയ്ക്കും ഇടിച്ചുകയറുകയായിരുന്നു. ഇരുവരുടെയും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വാഹനം അമിതവേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് പട്രോളിങ് നടത്തിയിരുന്ന ഉപ്പുതറ പൊലീസെത്തി ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും വിദ്യാർഥികൾ മരിച്ചിരുന്നു. മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.








0 comments