Deshabhimani

നിപാ മരുന്ന്: 'പറഞ്ഞത് തെളിയിക്കപ്പെട്ട വിവരമല്ല'; ഉരുണ്ടുകളിച്ച് ആരോ​ഗ്യമന്ത്രി

K Muraleedharan

കെ മുരളീധരൻ

വെബ് ഡെസ്ക്

Published on Oct 30, 2026, 09:14 AM | 1 min read

തിരുവനന്തപുരം: കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ 2023–25 കാലയളവിൽ നിപാ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്നുള്ള ആരോപണത്തിൽ ഉരുണ്ടുകളിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആരോ​ഗ്യവകുപ്പിൽനിന്ന് ലഭിച്ച റിപ്പോർട്ട് പ്രകാരമാണ് താൻ ഇക്കാര്യം സഭയിൽ പറഞ്ഞതെന്നും, ഇത് തെളിയിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി. ആധികാരികമായ റിപ്പോർട്ട് ലഭിക്കാതെ ഇപ്പോൾ കൂടുതലായി ഒന്നും പറയാനില്ലെന്നും മന്ത്രി പ്രതികരിച്ചു.


2023 മെയിൽ കാലാവധി പൂർത്തിയായ റെംഡെസിവിർ മരുന്നാണ്‌ രോഗികൾക്ക്‌ നൽകിയതെന്നും അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിച്ചെന്നുമാണ്‌ വ്യാഴാഴ്‌ച മാത്യു കുഴൽനാടന്റെ ഉപക്ഷേപത്തിന്‌ മറുപടിയായി മന്ത്രി നിയമസഭയിൽ പറഞ്ഞത്‌. മരുന്ന്‌ കഴിച്ചാണോ രോഗികൾ മരിച്ചതെന്ന്‌ പരിശോധിക്കുമെന്നും പ്രസ്‌താവിച്ചു.


മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോ​ഗ്യപ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. മന്ത്രി പറഞ്ഞത് വാസ്തവവിരുദ്ധമാണെന്നും മരിച്ച ആറ് പേരിൽ ഒരാൾ പോലും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇതോടെയാണ് യാതൊരു ആധികാരികതയുമില്ലാതെ വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ ആരോ​ഗ്യമന്ത്രിക്ക് ഇപ്പോൾ ആരോപണത്തിൽനിന്ന് പിന്നോട്ടുപോകേണ്ടിവന്നത്. ഉത്തരവാദിത്തപ്പെട്ടവർ നൽകിയ വിവരമാണ് താൻ പങ്കുവെച്ചതെന്നും താൻ എംബിബിഎസുകാരനല്ലെന്നും മുരളീധരൻ മറുപടി നൽകി.


മെയ് ഒന്നിന് നിർമിച്ച, 2025 വരെ കാലാവധിയുള്ള 690 വയലിൻ റംഡിസിവർ മരുന്നാണ് കെഎംസിഎൽ 2021 ജൂൺ ഒന്നിന് മെഡിക്കൽ കോളേജ് ആശുപത്രിക്ക് നൽകിയത്. സോഫ്റ്റ്‌വെയറിൽ ഇതിന്റെ കണക്കുകൾ വ്യക്തമാണ്. 2023ന് ശേഷം ഉപയോഗിക്കാനാകുന്ന റംഡിസിവർ മരുന്ന് കെഎംസിഎൽ നൽകിയില്ല എന്നത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി രേഖകളിൽ കൃത്യമായുണ്ട്. നിപാ– കോവിഡ് കാലഘട്ടത്തിൽ കാലാവധി കഴിഞ്ഞ ഒറ്റ മരുന്നും ആശുപത്രിയിൽനിന്ന് നൽകിയിട്ടില്ലെന്നും എല്ലാത്തിന്റെയും കൃത്യമായ രേഖകളുണ്ടെന്നും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം പി ശ്രീജയൻ പറഞ്ഞു.


എസ്‌എംഎ രോഗികൾക്ക്‌ ടെൻഡർ മാനദണ്ഡങ്ങൾ അട്ടിമറിച്ച്‌ പരീക്ഷണ ലേബലുള്ള മരുന്ന്‌ വിതരണം ചെയ്തതിലെ വീഴ്‌ച മറയ്ക്കാനാണ്‌ നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home