Deshabhimani

‘സ്‌കൂൾ ബച്ചാവോ' പ്രക്ഷോഭം; 6500 വിദ്യാർഥികൾ തിരികെ സ്കൂളിലേക്ക്‌

Maharashtra.jpg

വിദ്യാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് താനെയിലെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Oct 30, 2026, 08:42 AM | 2 min read

മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിന്റെ വിദ്യാഭ്യാസവിരുദ്ധ നയങ്ങൾക്കെതിരെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തിയ പ്രക്ഷോഭത്തിന് ചരിത്രവിജയം. പാൽഘർ ജില്ലയിലെ 57 സർക്കാർ മറാഠി മീഡിയം സ്‌കൂളുകളിൽ നിർത്തലാക്കിയ ഒമ്പത്, പത്ത് ക്ലാസുകൾ പുനഃരാരംഭിക്കാനും 171 അധ്യാപക തസ്‌തികകൾ സൃഷ്ടിക്കാനും സംസ്ഥാന സർക്കാർ ഉത്തരവിറക്കി.


ദളിത്‌, ആദിവാസി മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ട 6500 വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി കഴിഞ്ഞ മേയിലാണ്‌ ബിജെപി ഭരണത്തിലുള്ള പാൽഘർ ജില്ലാ പരിഷത്ത്‌ ക്ലാസുകൾ നിർത്തലാക്കിയത്‌. സ്‌കൂളുകളിലെ അധ്യാപക തസ്‌തികകൾക്ക്‌ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ഇല്ലെന്നും ആദിവാസി വികസന വകുപ്പ്‌ -ഫണ്ട്‌ വിതരണം നിർത്തിയെന്നും കാരണം പറഞ്ഞാണ്‌ പൂട്ടിയത്‌.


ഇതോടെ എസ്‌എഫ്‌ഐ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സ്‌കൂൾ ബച്ചാവോ' പ്രക്ഷോഭം ആരംഭിച്ചു. ഡിവൈഎഫ്‌ഐയുടെ സജീവ പിന്തുണയുമുണ്ടായി.

ഒക്‌ടോബർ 12 മുതൽ നാല്‌ ദിവസത്തെ കുത്തിയിരിപ്പ്‌ സമരം നടത്തി. നാലാം ദിവസം എസ്‌എഫ്‌ഐ പ്രവർത്താകർ പാൽഘർ ജില്ലാ പരിഷത്തിലേക്ക്‌ അടച്ചുപൂട്ടിയ ഗേറ്റുകൾ മറികടന്ന്‌ എത്തുകയും അധികൃതരുമായി സംസാരിക്കുകയും ചെയ്തു.


ഇ‍ൗ യോഗത്തിൽ എസ്‌എഫ്‌ഐയുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന്‌ ജില്ലാ പരിഷത്ത്‌ അറിയിച്ചു. ക്ലാസുകൾ വീണ്ടും തുറക്കാനുള്ള ഉത്തരവ്‌ 26ന്‌ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. ക്ലാസുകൾ വീണ്ടും തുറക്കുന്നതിന്‌ കാരണമായത്‌ വെറുമൊരു സർക്കാർ തീരുമാനമല്ലെന്നും വിദ്യാർഥികളുടെ പോരാട്ടത്തിന്റെ ഫലമാണിതെന്നും എസ്‌എഫ്‌ഐ മഹാരാഷ്‌ട്ര സംസ്ഥാന പ്രസിഡന്റ്‌ രോഹിദാസ്‌ ജാദവ്‌ പറഞ്ഞു.


മഹാരാഷ്ട്രയിലെ സ്‌കൂൾ അടച്ചുപൂട്ടൽ നീക്കങ്ങൾക്കെതിരെ നിരന്തര പോരാട്ടമാണ് എസ്എഫ്ഐ നടത്തുന്നത്‌. ഇരുപതിൽതാഴെ കുട്ടികളുള്ള സ്‌കൂളുകൾ പൂട്ടാനുള്ള തീരുമാനത്തെയും ചെറുത്തുതോൽപ്പിച്ചിരുന്നു. ബീഡ് ജില്ലയിൽ 32 സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കാനുള്ള ഉത്തരവും നേടിയെടുത്തു.


സംസ്ഥാനത്തുടനീളം പതിനായിരക്കണക്കിന്‌ അധ്യാപക നിയമനങ്ങൾ നടപ്പാക്കാൻ സർക്കാറിനെ നിർബന്ധിതമാക്കിയതും എസ്‌എഫ്‌ഐയുടെ സമരത്തിന്റെ ഭാഗമായാണ്‌. ആദിവാസി വിദ്യാർഥികൾക്ക്‌ ഹോസ്റ്റൽ പ്രവേശനത്തിന്‌ പ്രായപരിധി ഏർപ്പെടുത്തിയതിനെതിരെ ആഗസ്തിൽ നടത്തിയ പ്രക്ഷോഭവും വിജയംകണ്ടിരുന്നു. ആവശ്യങ്ങൾ പൂർണമായി നടപ്പാക്കുംവരെ സമരം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

​

അഭിമാനം: എം എ ബേബി


എസ്‌എഫ്‌ഐ സമരത്തിന്റെ ഭാഗമായി ക്ലാസുകൾ വീണ്ടും തുറക്കാൻ കാരണമായതിൽ അഭിമാനമുണ്ടെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ അദ്ദേഹം അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home