print edition ഉദിക്കുമോ ഏഷ്യ; പ്രതീക്ഷയോടെ ജപ്പാൻ, തുടർച്ചയായ എട്ടാം പതിപ്പ്

ലോകകപ്പ് ഫുട്ബോളിനായി തയ്യാറെടുക്കുന്ന ജപ്പാൻ ടീം
ലോക ഫുട്‌ബോളിൽ ഏഷ്യ എത്രയുണ്ടെന്ന് ചോദിച്ചാൽ 2002ൽ ദക്ഷിണ കൊറിയയുടെ നാലാം സ്ഥാനം മാത്രമാണ് കാണിക്കാനുണ്ടാകുക. അന്നത്തെ നാലാം സ്ഥാനത്തിനപ്പുറം ഏഷ്യ ലോകകപ്പ് ഫുട്‌ബോളിൽ വളർന്നിട്ടില്ല. കൊറിയയുടെയും ജപ്പാന്റെയും ഓസ്‌ട്രേലിയയുടെയും മിന്നലാട്ടങ്ങളിൽ അവസാനിക്കുകയാണ് പതിവ്. യൂറോപ്പിന്റെ സാങ്കേത്തിക തികവോ ലാറ്റിനമേരിക്കയുടെ സൗന്ദര്യമോ ആഫ്രിക്കയുടെ കരുത്തോ ഏഷ്യക്കില്ല. അതിവേഗത്തിൽ പന്ത് തട്ടുന്ന ജപ്പാനും കൊറിയയുമാണ് ഏഷ്യൻ -ഫുട്‌ബോളിന്റെ മുഖം.
ഇക്കുറി 48 രാജ്യങ്ങളുടെ ലോകകപ്പായതിനാൽ ഏഷ്യക്കും കിട്ടി കൂടുതൽ പ്രാതിനിധ്യം. ഒന്പത് ടീമുകൾ യോഗ്യത നേടി. ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ഇറാൻ, ഇറാഖ്, സൗദി അറേബ്യ, ഖത്തർ, ജോർദാൻ, ഉസ്‌ബെക്കിസ്ഥാൻ. ഇതിൽ ജോർദാനും ഉസ്‌ബെക്കിനും കന്നി ലോകകപ്പാണ്.
ജപ്പാൻ
ഏഷ്യയിലെ ഒന്നാം നന്പർ ടീം. ഫിഫ റാങ്കിങ്ങിൽ പതിനെട്ടാമത്. ഇൗ ലോകകപ്പിന് ആദ്യം യോഗ്യത നേടിയതും സാമുറായ്‌പ്പടയാണ്. തുടർച്ചയായ എട്ടാമത്തെ ലോകകപ്പാണിത്. 1998ലായിരുന്നു അരങ്ങേറ്റം. 2002, 2010, 2018, 2022 പതിപ്പുകളിൽ പ്രീ ക്വാർട്ടറിൽ കടന്നതാണ് മികച്ച പ്രകടനം. കഴിഞ്ഞ പതിപ്പിൽ ജർമനിയെയും സ്‌പെയ്‌നിനെയും ജപ്പാൻ ഗ്രൂപ്പ് ഘട്ടത്തിൽ വീഴ്‌ത്തി. 2010ൽ കൊളംബിയയെ തോൽപ്പിച്ചിട്ടുണ്ട്. ഇക്കുറി നെതർലൻഡ്‌സും സ്വീഡനും ടുണീഷ്യയും ഉൾപ്പെട്ട ഗ്രൂപ്പ് ‘എഫി’ലാണ് ജപ്പാൻ. സമീപകാലത്തെ ഏറ്റവും മികച്ച സംഘമാണ്. പരിക്കുകാരണം കവുറോ മിറ്റോമ പുറത്തായതാണ് തിരിച്ചടി. വറ്റാരു എൻഡോ (ലിവർപൂൾ), തകേഫുസോ കുബോ (റയൽ സോസിഡാഡ്), ഡയ്‌ചി കമാഡ (ക്രിസ്‌റ്റൽ പാലസ്) എന്നിവരാണ് പ്രധാന താരങ്ങൾ.
ദക്ഷിണ കൊറിയ
തുടർച്ചയായ 11–ാം തവണയാണ് ദക്ഷിണ കൊറിയ ലോകകപ്പിനെത്തുന്നത്. 1986ലായിരുന്നു തുടക്കം. അരങ്ങേറ്റം 1938ലും. 2002ൽ സ്വന്തം നാട്ടിലും ജപ്പാനിലുമായി നടന്ന ലോകകപ്പിലായിരുന്നു അത്ഭുത പ്രകടനം. ഡച്ചുകാരൻ കോച്ച് ഗസ് ഹിഡിങ്കിന് കീഴിൽ ഒന്നാന്തരം കുതിപ്പായിരുന്നു നടത്തിയത്. ഇറ്റലിയെയും സ്‌പെയ്‌നിനെയും കീഴടക്കി. സെമിയിൽ ജർമനിയോട് തോറ്റു. മൂന്നാംസ്ഥാനക്കാർക്കായുള്ള മത്സരത്തിൽ തുർക്കിയോട് കീഴടങ്ങി. കഴിഞ്ഞ ലോകകപ്പിൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിനെ 2–1ന് കീഴടക്കി ചരിത്രം കുറിച്ചു. പ്രീ ക്വാർട്ടറിൽ ബ്രസീലിനോട് 4–1നാണ് തോറ്റത്. ടോട്ടനം ഹോട്‌സ്‌പർ മുൻ താരം സൺ ഹ്യുങ് മിൻ, ബയേൺ മ്യൂണിക് പ്രതിരോധക്കാരൻ കിം മിൻ ജായെ, ലീ കാങ് ഇൻ (പിഎസ്‌ജി), ഹ്വാങ് ഹീ ചാൻ (വൂൾവ്‌സ്), ജർമൻ വംശജനായ ജെൻസ് കാസ്‌ട്രോപ് (ബൊറൂസിയ മോൺചെൻഗ്ലാദ്‌ബാ) എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഗ്രൂപ്പ് ‘എ’യിൽ മെക്‌സിക്കോ, ചെക്ക് റിപ്പബ്ലിക്, ദക്ഷിണാഫ്രിക്ക ടീമുകളുടെ വെല്ലുവിളി മറികടക്കണം.
ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയയുടെ ഏഴാം ലോകകപ്പാണിത്. തുടർച്ചയായ ആറാമത്തെ. 2006ലും 2022ലും പ്രീ ക്വാർട്ടറിൽ കടക്കാനായി. കഴിഞ്ഞ ലോകകപ്പിലാണ് മികച്ച പ്രകടനം കണ്ടത്. ടുണീഷ്യയെയും ഡെൻമാർക്കിനെയും ഗ്രൂപ്പ് ഘട്ടത്തിൽ കീഴടക്കി. പ്രീ ക്വാർട്ടറിൽ ചാന്പ്യൻമാരായ അർജന്റീനയോട് പൊരുതി തോൽക്കുകയായിരുന്നു. മാറ്റ് റയാൻ, ഹാരി സൗട്ടർ, നെസ്‌റ്റോറി ഇറാൻകുണ്ട എന്നിവരാണ് പ്രധാന താരങ്ങൾ. ഗ്രൂപ്പ് ‘ഡി’യിൽ ആതിഥേയരായ അമേരിക്ക, പരാഗ്വേ, തുർക്കി ടീമുകളുമായാണ് മത്സരം.
റാങ്കിങ് പട്ടികയിൽ ഇരുപതാം സ്ഥാനക്കാരാണെങ്കിലും ഇറാന് ഇതുവരെ ലോകവേദിയിൽ തിളങ്ങാനായിട്ടില്ല. കഴിഞ്ഞ പതിപ്പിൽ അർജന്റീനയെ തോൽപ്പിച്ച സൗദി അറേബ്യക്കും ഇക്കുറി ഏറെ ദൂരം മുന്നേറാനാകുമോ എന്ന സംശയമാണ്.
ഇതെന്റെ അവസാന ലോകകപ്പ്: സൺ
സ്യോൾ: ഇനിയൊരു ലോകകപ്പിനില്ലെന്ന് ദക്ഷിണ കൊറിയൻ ക്യാപ്‌റ്റൻ സൺ ഹ്യുങ് മിൻ. നാലാമത്തെ ലോകകപ്പാണ് സണ്ണിന്. മുപ്പത്തിമൂന്നുകാരൻ 10 മത്സരങ്ങളിലാണ് ഇറങ്ങിയത്. മൂന്ന് ഗോളടിച്ചിട്ടുണ്ട്. 2014ലെ ബ്രസീൽ ലോകകപ്പിലായിരുന്നു അരങ്ങേറ്റം.










0 comments