print edition ബാഴ്‌സയെ വീഴ്ത്തി സോസിഡാഡ്

മാഡ്രിഡ്
സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ തുടർച്ചയായ 11 ജയങ്ങൾക്കുശേഷം ബാഴ്‌സലോണയ്‌ക്ക് തോൽവി. റയൽ സോസിഡാഡിനോട് 2–1നാണ് തോറ്റത്. ഇതോടെ രണ്ടാമതുള്ള റയൽ മാഡ്രിഡുമായുള്ള വ്യത്യാസം ഒരു പോയിന്റായി കുറഞ്ഞു.
മിക്കേൽ ഒയർസബാലിന്റെ ഗോളിൽ തുടക്കത്തിൽതന്നെ സോസിഡാഡ് ലീഡ് നേടി. കളി അവസാനിക്കാൻ 20 മിനിറ്റ് ശേഷിക്കെ മാർകസ് റാഷ്ഫഡ് ബാഴ്‌സയെ ഒപ്പമെത്തിച്ചു. എന്നാൽ അടുത്ത നിമിഷംതന്നെ സോസിഡാഡ് ലീഡ് നേടുകയായിരുന്നു. ഗൊൺസാലോ ഗുയേദെസ് ലക്ഷ്യം കണ്ടു. അവസാന ഘട്ടത്തിൽ സോസിഡാഡിന്റെ കാർലോസ് സോളെർ ചുവപ്പുകാർഡ് കണ്ട് പുറത്തായി.
അഞ്ച് തവണയാണ് ബാഴ്‌സയുടെ ഗോൾ ശ്രമങ്ങൾ ക്രോസ് ബാറിലും പോസ്‌റ്റിലും തട്ടിത്തെറിച്ചത്. ഡാനി ഒൽമോയുടെ രണ്ട് ശ്രമങ്ങൾ പാഴായി. സോസിഡാഡ് ഗോൾ കീപ്പർ അലെക്‌സ് റെമിറോയുടെ പ്രകടനവും നിർണായകമായി. ഇതിനിടെ ലമീൻ യമാലിനെ വീഴ്‌ത്തിയതിന് റഫറി പെനൽറ്റി അനുവദിച്ചെങ്കിലും വാർ പരിശോധനയിൽ തീരുമാനം മാറ്റി.
സീസണിൽ ബാഴ്‌സയുടെ മൂന്നാം തോൽവിയാണ്. ഇരുപത് മത്സരമാണ് ലീഗിൽ പൂർത്തിയായത്. ചാമ്പ്യൻസ് ലീഗിൽ നാളെ സ്ലാവിയ പ്രേഗുമായി ഹാൻസി ഫ്ളിക്കിന്റെ സംഘം കളിക്കും.










0 comments