print edition റയലിന് എസ്‌പി രക്ഷകൻ

എസ്‌പാന്യോളിനെതിരെ റയലിന്റെ വിജയഗോൾ നേടിയ കാർലോസ് എസ്--പി
മാഡ്രിഡ്: റയൽ മാഡ്രിഡിന് പുതിയൊരു രക്ഷകൻ. ഇരുപത്തൊന്നുകാരൻ കാർലോസ് എസ്‌പി. അരങ്ങേറ്റത്തിൽ പകരക്കാരനായെത്തി ഗോളടിച്ച് റയലിന് ജയമൊരുക്കി. സ്‌പാനിഷ് ലീഗ് ഫുട്‌ബോളിൽ സീസണിലെ ആദ്യ മത്സരത്തിൽ എസ്‌പാന്യോളിനെ 2–1നാണ് റയൽ വീഴ്‌ത്തിയത്. 90–ാം മിനിറ്റിലാണ് എസ്‌പി വിജയഗോൾ കുറിച്ചത്.
ഗോൾമുഖത്തുനിന്ന് കിലിയൻ എംബാപ്പെ നൽകിയ പന്തിൽനിന്നായിരുന്നു സ്‌പാനിഷുകാരന്റെ ഗോൾ. ലെവന്റെയിൽനിന്നാണ് ആറടി നാലിഞ്ചുകാരൻ റയലിലേക്ക് ചേക്കേറിയത്. എസ്‌പാന്യോളിന്റെ തട്ടകത്തിൽ ഒമ്പതാം മിനിറ്റിൽ ജൂഡ് ബെല്ലിങ്‌ഹാമിലൂടെ സന്ദർശകരാണ് ലീഡെടുത്തത്. എന്നാൽ ഇടവേളയ്‌ക്ക് തൊട്ടുമുമ്പ് തന്നെ അലെക്‌സ് കലട്രാവ മടക്കി.
പുതിയ പരിശീലകൻ ഹൊസെ മൊറീന്യോയ്‌ക്ക് കീഴിൽ ജയത്തോടെ തുടങ്ങി റയൽ. അവസാന രണ്ട് സീസണിലും പ്രധാന കിരീടങ്ങളൊന്നുമില്ലാത്ത ടീം വമ്പൻ താരനിരയുമായാണ് ഇത്തവണയിറങ്ങുന്നത്.
എസ്‌പാന്യോളിനെതിരെ ബെർണാർഡോ സിൽവ, ഇബ്രാഹിമ കൊനാറ്റെ, ഡെൻസെൽ ഡംഫ്രിസ് എന്നീ പുതുമുഖങ്ങൾ റയലിന്റെ ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടു. തുടക്കം ഗംഭീരമായിരുന്നു. ആർദെ ഗൂലെർ ഒരുക്കിയ അവസരത്തിലൂടെ ബെല്ലിങ്‌ഹാം മുന്നിലെത്തിച്ചു.
എന്നാൽ പിന്നീട് താളം നിലനിർത്താനായില്ല. ആതിഥേയർ തിരിച്ചടിച്ചതോടെ പരുങ്ങി. നിരന്തരം മുന്നേറിയിട്ടും എംബാപ്പെയും വിനീഷ്യസ് ജൂനിയറും ഉൾപ്പെട്ടെ മുന്നേറ്റനിരയ്‌ക്ക് ഗോളടിക്കാനായില്ല. 79–ാം മിനിറ്റിലായിരുന്നു എസ്‌പി എത്തിയത്. മാർക് കുകുറെല്ല, യാൻ ദിയോമാൻഡെ എന്നിവർ കൂടി എത്തിയതോടെ കളി ഉഷാറായി. 26ന് റയൽ സോസിഡാഡുമായാണ് റയലിന്റെ അടുത്ത കളി.










0 comments