ഹോ... എന്തൊരു വില

കൊച്ചി
വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞാണ് ഇത്തവണ ഓണാഘോഷം. കുതിച്ചുയർന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരന്റെ പോക്കറ്റടിക്കുകയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് നിത്യോപയോഗ സാധനങ്ങൾ, പലവ്യഞ്ജനം, പച്ചക്കറി ഇനങ്ങൾക്കും വിപണിയിൽ വില കത്തിക്കയറുകയാണ്.
അരിവിലയാണ് പിടിവിട്ട് ഉയർന്നത്. മട്ട അരി കഴിഞ്ഞ ഓണത്തിന് കിലോയ്ക്ക് 51 രൂപയായിരുന്നു എങ്കിൽ ഇക്കുറിയിത് 65 രൂപയിലെത്തി. കഴിഞ്ഞവർഷം 45 രൂപയായിരുന്ന പഞ്ചസാരയ്ക്ക് ഇത്തവണ വില 50 കടന്നു. കഴിഞ്ഞമാസം ആദ്യം 230 രൂപയായിരുന്ന വെളിച്ചെണ്ണയ്‌ക്ക് ഇപ്പോൾ ലിറ്ററിന് 300 രൂപമുതൽ 350 രൂപവരെയായി. പച്ചക്കറികൾക്കും വില കുതിച്ചുയർന്നു. ചെറിയ ഉള്ളി– 90, ബീറ്റ്റൂട്ട് – 80, കാബേജ് – 45 എന്നിവയ്ക്ക് വില കൂടുതലാണ്. മുൻവർഷമിത് യഥാക്രമം 70, 53, 39 രൂപവീതമായിരുന്നു. പച്ചക്കറിവില കുതിച്ചുയർന്നെങ്കിലും സംസ്ഥാനത്തെ കർഷകർക്ക് ഗുണം കിട്ടിയില്ല. ഓണം ലക്ഷ്യമിട്ട് കൃഷിയിറക്കിയ വിളകൾ മഴക്കെടുതിയിൽ നശിച്ചതും തിരിച്ചടിയായി.
പൊതുവിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതോടെയാണ് ഓണത്തിന് സാധനങ്ങൾക്ക് പൊള്ളുന്ന വിലയായത്. മുൻകാലങ്ങളിൽ സർക്കാർ വിൽപ്പനശാലകളിലൂടെ സബ്‌സിഡി നിരക്കിൽ അവശ്യസാധനങ്ങൾ എത്തിച്ചാണ് വിലക്കയറ്റം നിയന്ത്രിച്ചിരുന്നത്. വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ വിപണിയിൽ ഇടപെടാത്തതിൽ പ്രതിഷേധം വ്യാപകമാണ്. എഎവൈ വിഭാഗക്കാർക്ക് പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണവും കാര്യക്ഷമമല്ല.









0 comments