ad
Deshabhimani

സിറ്റിയിലും റയൽ

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡ് ക്വാർട്ടറിൽ; വിനീഷ്യസിന്‌ ഇരട്ടഗോൾ

Real Madrid
വെബ് ഡെസ്ക്

Published on Mar 19, 2026, 12:44 AM | 2 min read

ലണ്ടൻ: ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ മാഞ്ചസ്‌റ്റർ സിറ്റിക്കുമേൽ റയൽ മാഡ്രിഡിന്റെ ആധിപത്യം തുടരുന്നു. രണ്ടാംപാദ പ്രീ ക്വാർട്ടറിൽ സിറ്റിയുടെ തട്ടകത്തിൽ 2–1ന്റെ ജയമാണ്‌ സ്‌പാനിഷ്‌ വന്പൻമാർ നേടിയത്‌. ഇരുപാദങ്ങളിലുമായി 5–1ന്റെ മുൻതൂക്കത്തോടെ ക്വാർട്ടറിലേക്ക്‌ കുതിച്ചു. അതേസമയം, ചാന്പ്യൻസ്‌ ലീഗിൽ ഒരിക്കൽക്കൂടി പെപ്‌ ഗ്വാർഡിയോള നിരാശയോടെ മടങ്ങി. തുടർച്ചയായ മൂന്നാം സീസണിലാണ്‌ റയൽ പെപിന്റെ സിറ്റിയെ പുറത്താക്കുന്നത്‌.


ആദ്യപാദത്തിൽ മൂന്ന്‌ ഗോളിന്‌ തോറ്റ സിറ്റിക്ക്‌ സ്വന്തം തട്ടകത്തിൽ വന്പൻ ജയമായിരുന്നു വേണ്ടിയിരുന്നത്‌. എന്നാൽ അതിനുള്ള ശ‍ൗര്യം ഇംഗ്ലീഷ്‌ ക്ലബിനുണ്ടായില്ല. തുടക്കത്തിൽ തന്നെ ബെർണാഡോ സിൽവ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായതോടെ ചെറുത്തുനിൽപ്പുപോലും സാധ്യമല്ലാതായി. ഇരട്ടഗോളുമായി ബ്രസീലുകാരൻ വിനീഷ്യസ്‌ ജൂനിയറാണ്‌ ശിക്ഷിച്ചത്‌. സിറ്റിയുടെ ആശ്വാസ ഗോൾ എർലിങ്‌ ഹാലണ്ട്‌ നേടി.


ആക്രമണ നീക്കങ്ങളോടെയാണ്‌ സിറ്റി ആരംഭിച്ചത്‌. പക്ഷേ, അതിന്‌ തുടർച്ചയുണ്ടായില്ല. വിനീഷ്യസിന്റെ ഷോട്ട്‌ ഗോൾവരയ്‌ക്ക്‌ മുന്നിൽ കൈ കൊണ്ട്‌ തട്ടിയതിന്‌ സിൽവയ്‌ക്ക്‌ ചുവപ്പുകാർഡ്‌ കിട്ടി. റയലിന്‌ പെനൽറ്റിയും. വിനീഷ്യസിന്റെ കിക്ക്‌ തടുത്തിടാൻ ഇക്കുറി സിറ്റി ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മയ്‌ക്ക്‌ കഴിഞ്ഞില്ല.


മറുവശത്ത്‌ റയൽ ഗോൾകീപ്പർ തിബ‍ൗ കുർടോ റയാൻ ചെർക്കിയുടെയും റോഡ്രിയുടെയും ഹാലണ്ടിന്റെയും ഗോൾ ശ്രമങ്ങളെ മിടുക്കോടെ തടഞ്ഞു. ആദ്യപകുതി അവസാനിക്കുംമുന്പ്‌ ഹാലണ്ട്‌ ഒന്ന്‌ മടക്കിയെങ്കിലും സിറ്റിക്ക്‌ ആശ്വസിക്കാനായില്ല. ആകെ 21 ഷോട്ടുകൾ തൊടുത്തെങ്കിലും റയലിനെ പരീക്ഷിക്കാനായില്ല. ജെറെമി ഡൊക്കുവും റയാൻ അയ്‌ത്‌ നൂ‍റിയും വല കണ്ടത്‌ ഓഫ്‌ സൈഡായി.


കളിയുടെ പരിക്കുസമയത്ത്‌ വിനീഷ്യസ്‌ റയലിന്റെ ജയം പൂർത്തിയാക്കി. ഇത്‌ അഞ്ചാം തവണയാണ്‌ റയൽ സിറ്റിയെ മടക്കുന്നത്‌. സൂപ്പർ താരം കിലിയൻ എംബാപ്പെ അവസാന 20 മിനിറ്റ്‌ മാത്രമാണ്‌ റയലിനായി ഇറങ്ങിയത്‌. ജൂഡ്‌ ബെല്ലിങ്‌ഹാം കളിച്ചില്ല.


നിരാശ മാറാതെ ഗ്വാർഡിയോള


ലണ്ടൻ: മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ മറ്റൊരു ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ കിരീടം കൂടി നേടിക്കൊടുക്കാനുള്ള പെപ്‌ ഗ്വാർഡിയോളയുടെ കാത്തിരിപ്പ്‌ നീളുന്നു. ഒരു പതിറ്റാണ്ടായി സ്‌പാനിഷുകാരൻ സിറ്റിയുടെ പരിശീലകനായിട്ട്‌. 2023ൽ സിറ്റിയെ ചാന്പ്യൻസ്‌ ലീഗ്‌ ജേതാക്കളാക്കി. എന്നാൽ സമീപകാലത്ത്‌ വൻ തിരിച്ചടികളാണ്‌ നേരിട്ടത്‌. തുടർച്ചയായ രണ്ടാംതവണയും ക്വാർട്ടറിൽ മടങ്ങി. സിറ്റിയിൽ ഗ്വാർഡിയോളയുടെ അവസാന സീസണാകുമെന്നാണ്‌ സൂചന. ഇ‍ൗ സീസണിൽ പ്രീമിയർ ലീഗിലും കിരീട പ്രതീക്ഷ ഏറെക്കുറെ നഷ്ടമായി. പ്രകടനവും മോശമാണ്‌. അടുത്ത വർഷം സ്--പാനിഷുകാരന്റെ കരാർ അവസാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home