റയലിന് ഇനി അലോൺസോ ; മൂന്ന് വർഷത്തേക്ക് കരാർ

മാഡ്രിഡ്
റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകനായി സാബി അലോൺസോയെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് കരാർ. കാർലോ ആൻസെലോട്ടിക്ക് പകരക്കാരനായാണ് നാൽപ്പത്തിമൂന്നുകാരൻ എത്തുന്നത്. ജർമൻ ക്ലബ് ബയേർ ലെവർകൂസന്റെ പരിശീലകനായിരുന്നു.
സ്‌പാനിഷ് ഫുട്‌ബോൾ ടീമിന്റെ മധ്യനിരയിലെ പ്രധാന താരമായിരുന്ന അലോൺസോ റയൽ കുപ്പായത്തിൽ 236 തവണ ഇറങ്ങിയിട്ടുണ്ട്. 2014 റയലിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടി. 2010ലെ ലോക ചാമ്പ്യൻമാരായ സ്‌പാനിഷ് ടീമിലെ അംഗമായിരുന്നു. 2005ൽ ലിവർപൂളിനൊപ്പവും ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി.
റയലിന്റെ അണ്ടർ 14 ടീമിലാണ് പരിശീലകജീവിതം ആരംഭിക്കുന്നത്. തുടർന്ന് റയൽ സോസിഡാഡിന്റെ ബി ടീമിനെ പരിശീലിപ്പിച്ചു. മൂന്ന് വർഷത്തെ വിജയകരമായ പ്രവർത്തനത്തിനുശേഷം ജർമനിയിലേക്ക്. 2022 ഒക്‌ടോബറിൽ സീനിയർ തലത്തിൽ പരിശീലകനായി അരങ്ങേറി. ലെവർകൂസനെ വിജയങ്ങളിലേക്ക് നയിച്ചു. അലോൺസോ എത്തുമ്പോൾ ലെവർകൂസൻ അവസാന സ്ഥാനത്തുനിന്ന് രണ്ടാമതായിരുന്നു. ആറാം സ്ഥാനത്തിൽ എത്തിക്കാൻ സ്‌പാനിഷുകാരന് കഴിഞ്ഞു. അടുത്ത സീസണിൽ ചരിത്രംകുറിച്ചു. ആദ്യമായി ലെവർകൂസൻ ജർമൻ ലീഗ് ജേതാക്കളായി. ഒരുകളിയും തോൽക്കാതെയായിരുന്നു നേട്ടം. യൂറോപ ലീഗ് ഫൈനലിൽ അറ്റ്‌ലാന്റയോട് തോറ്റത് മാത്രമായിരുന്നു സീസണിലെ ഏക തോൽവി. 52 മത്സരങ്ങളിൽ തോൽവിയറിഞ്ഞില്ല. ജർമൻ കപ്പും നേടിയാണ് സീസൺ അവസാനിപ്പിച്ചത്.
ഈ സീസണിൽ ബയേൺ മ്യൂണിക് പരിശീലക സ്ഥാനത്തേക്ക് ക്ഷണിച്ചെങ്കിലും ലെവർകൂസനിൽ തുടരുകയായിരുന്നു. മൂന്ന് കളിയിൽ മാത്രമേ ടീം തോറ്റുള്ളൂവെങ്കിലും കിരീടം നിലനിർത്താനായില്ല. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പുറത്താകുകയുംചെയ്‌തു. ജർമൻ കപ്പ് സെമിയിൽ മൂന്നാം ഡിവിഷൻ ടീം അർമിനിയ ബിയെൽഫെൽഡിനോടും കീഴടങ്ങി. തുടർന്നാണ് ലെവർകൂസൻ പരിശീലകസ്ഥാനം അലോൺസോ രാജിവയ്‌ക്കുന്നത്.
ആൻസെലോട്ടിക്ക് പകരക്കാരനെ തേടിയ റയൽ മുൻ താരത്തെ കൂടാരത്തിലെത്തിക്കുകയായിരുന്നു. ആൻസെലോട്ടി കഴിഞ്ഞദിവസം റയൽ പരിശീലക കുപ്പായത്തിൽ അവസാന മത്സരം പൂർത്തിയാക്കി. ഇറ്റലിക്കാരൻ ഇനി ബ്രസീൽ ടീമിനെ പരിശീലിപ്പിക്കും.അലോൺസോയ്‌ക്ക് ക്ലബ് ലോകകപ്പാണ് ആദ്യ പരീക്ഷ. ജൂൺ 18ന് സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലുമായാണ് ആദ്യ കളി. അതേസമയം, ലെവർകൂസൻ പരിശീലകനായി മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ മുൻ കോച്ച് എറിക് ടെൻ ഹാഗ് എത്തുമെന്നാണ് സൂചന.








0 comments