അവസാന എട്ടിലേക്ക് ആര് കുതിക്കും; ആതിഥേയർക്ക് ആഫ്രിക്കൻ വെല്ലുവിളി

ഹൂസ്‌റ്റൺ: ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയും ആതിഥേയരായ കാനഡയും ഏറ്റുമുട്ടും. ഇത്തവണ ലോകകപ്പുയർത്താൻ ഏറെ സാധ്യതകൽപ്പിച്ചിരുന്ന നെതർലൻഡ്‌സിനെ മുട്ടുകുത്തിച്ചാണ് മൊറോക്കോ പ്രീ ക്വാർട്ടറിൽ കടന്നത്. ആദ്യമായി നോക്കൗട്ടിലെത്തിയതിന്റെ ആവേശത്തിലാണ് കാനഡ. ഇതിന് മുമ്പ് ലോകകപ്പിൽ ഒരു മത്സരം പോലും ജയിക്കാൻ കഴിയാതിരുന്ന സംഘം സ്വപ്‌നക്കുതിപ്പിലാണ്. രാത്രി 10.30ന് ഹൂസ്റ്റണിലാണ് മത്സരം.
ഖത്തർ ലോകകപ്പിലെ സെമി പ്രവേശം ഒറ്റത്തവണത്തെ വിസ്‌മയമല്ലെന്ന് തെളിയിക്കാൻ മൊറോക്കോയ്ക്ക് ജയം അനിവാര്യമാണ്. റൗണ്ട് 32ൽ നെതർലൻഡ്‌സിനെതിരെ ഷൂട്ടൗട്ട് വരെ നീണ്ട ആവേശപ്പോരിലാണ് വീഴഅത്തിയത്. നെതർലൻഡ്‌സിന്റെ കരുത്തുറ്റ മുന്നേറ്റനിരയെ പൂട്ടിയ പ്രതിരോധക്കരുത്തിലാണ് ആഫ്രിക്കക്കാരുടെ കുതിപ്പ്. ഇസ്‌മായിൽ സയ്‌ബാരിയുടെ മികച്ച ഫോമും മുതൽ ക്കൂട്ടാണ്. ഷൂട്ടൗട്ടിൽ നിർണ്ണായക രക്ഷപ്പെടുത്തലുമായി തിളങ്ങിയ ഗോൾകീപ്പർ യാസിനെ ബൊനോയിൽ നിന്നും ടീം ഏറെ പ്രതീക്ഷിക്കുന്നു. ഡച്ചുകാർക്കെതിരെ ക്യാപ്‌റ്റൻ അഷ്‌റഫ് ഹക്കീമിയും നെയ്‌ൽ അൽ അയ്‌നൂയിയും ഷൂട്ടൗട്ടിൽ പെനൽറ്റി പാഴാക്കിയിരുന്നു. ഇൗ പിഴവ് തിരുത്തിയാകും ആഫ്രിക്കക്കാർ കളത്തിലിറങ്ങുക.
പരിക്ക് മൂലം ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടപ്പെട്ട ക്യാപ്‌റ്റൻ അൽഫോൺസ് ഡേവിയെസ് നോക്കൗട്ടിൽ തിരിച്ചെത്തിയത് കാനഡക്ക് കരുത്തേകുന്നു. ക്യാപ്‌റ്റൻ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന് പരിശീലകൻ ജെസ്സെ മാർഷ് വ്യക്തമാക്കിയിട്ടില്ല. ജൊനാതൻ ഡേവിഡിന്റെ നേതൃത്വത്തിലുള്ള യുവ മുന്നേറ്റനിരയുടെ വേഗത ഏത് പ്രതിരോധപ്പൂട്ടും പൊളിക്കാൻ ശേഷിയുള്ളതാണ്. വേഗത്തിലുള്ള പ്രത്യാക്രമണത്തിലൂടെ കളി പിടിക്കാനായിരിക്കും കാനഡ ശ്രമിക്കുക.











0 comments