7 വെട്ട്, 3 സീനുകൾക്ക് മാറ്റം: അവസാനം 'ജനനായകൻ' പുറത്തിറങ്ങുന്നു; അനുമതി നൽകി സിബിഎഫ്സി

ചെന്നൈ: വിജയ് ആരാധകർ മാസങ്ങളായി ആകാംക്ഷയോടെ കാത്തിരുന്ന ആ സന്തോഷ വാർത്ത ഒടുവിൽ എത്തിയിരിക്കുന്നു. സെൻസർ ബോർഡ് (CBFC) തടസ്സങ്ങൾ നീക്കി വിജയ് ചിത്രം 'ജന നായകൻ' റിലീസിന് പച്ചക്കൊടി കാട്ടി. സിനിമയിലെ അക്രമാസക്തമായ ഏഴ് രംഗങ്ങൾ നീക്കം ചെയ്യാനും മൂന്ന് രംഗങ്ങൾ മാറ്റിസ്ഥാപിക്കാനും നിർദ്ദേശിച്ചാണ് ബോർഡ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. കൊലപാതകം, രക്തച്ചൊരിച്ചിൽ, ആവർത്തിച്ചുള്ള കുത്തൽ തുടങ്ങിയ തീവ്രമായ ദൃശ്യങ്ങളാണ് പ്രധാനമായും വെട്ടിമാറ്റാൻ നിർദ്ദേശിച്ചിരിക്കുന്നത്. സെൻസറിങ് വിവാദങ്ങൾ, നിയമപോരാട്ടങ്ങൾ, ഓൺലൈൻ ചോർച്ച തുടങ്ങി ആറുമാസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും പ്രതിസന്ധികൾക്കും വിരാമമിട്ടുകൊണ്ടാണ് ചിത്രം തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നത്.
സ്ഥലനാമങ്ങൾക്കൊപ്പം തമിഴ് വാചകം ചേർക്കുക, പുകയില/മയക്കുമരുന്ന് നിരാകരണങ്ങൾ (Disclaimer) കൂടുതൽ വ്യക്തവും വലുതുമാക്കുക, മയക്കുമരുന്ന് നിരാകരണം 8 സെക്കൻഡ് ദൈർഘ്യത്തിൽ തമിഴിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കുക തുടങ്ങിയ നിർദേശങ്ഹളും സിബിഎഫ്സി നൽകിയിട്ടുണ്ട്. അസഭ്യ വാക്കുകൾ നിശബ്ദമാക്കാനും ചില സംഭാഷണങ്ങൾ നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്. സിനിമയിൽ കാണിക്കുന്ന ഒരു സിഗരറ്റ് ബ്രാൻഡിൽ നിന്ന് "ക്ലാസിക്" എന്ന വാക്ക് നീക്കം ചെയ്യുകയും പകർപ്പവകാശമുള്ള ഗാനങ്ങളുടെ രേഖകൾ സമർപ്പിക്കുകയും വേണം.43 സെക്കൻഡ് ദൈർഘ്യമുള്ള രംഗങ്ങൾ നീക്കം ചെയ്യുകയും 18 സെക്കൻഡ് ഫൂട്ടേജ് മാറ്റിസ്ഥാപിക്കുകയും ചെയ്തു. ചിത്രത്തിന്റെ അന്തിമ റൺടൈം 180 മിനിറ്റാണ്.
2025 ഡിസംബറിൽ എക്സാമിനിങ് കമ്മിറ്റി ചിത്രം കാണുകയും ചില വെട്ടിച്ചുരുക്കലുകളോടെ U/A 16+ സർട്ടിഫിക്കേഷൻ അനുവദിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് 2026 ജനുവരി 9ന് പൊങ്കൽ റിലീസ് നിശ്ചയിച്ചു. എന്നാൽ, ഇതേ കമ്മിറ്റിയിലെ ഒരു അംഗം തന്നെ ചിത്രത്തിലെ ചില രംഗങ്ങളെ എതിർത്ത് സിബിഎഫ്‌സി ചെയർപേഴ്‌സൺ പ്രസൂൺ ജോഷിക്ക് കത്തയച്ചു. ഇതോടെ സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കുകയും വിഷയം വീണ്ടും റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.
സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് എങ്ങനെ പരാതി ഉയരുമെന്ന് ചോദ്യം ചെയ്ത് ചിത്രത്തിന്റെ സംവിധായകൻ മദ്രാസ് ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വിജയ് അഭിനയിച്ച അവസാന ചിത്രമാണ് ജനനായകൻ. ശേഷം വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായത് ചിത്രത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യവും പൊതുജനശ്രദ്ധയും നേടിക്കൊടുത്തു. സിനിമയിലെ ടൈറ്റിൽ കാർഡിൽ 'ദളപതി വിജയ്' എന്നതിന് പകരം 'തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്' എന്ന് മാറ്റണമെന്ന് ആരാധകർ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് കെവിഎൻ പ്രൊഡക്ഷൻസ് ആണ്. വിജയ്ക്കൊപ്പം പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അടുത്തിടെ ചിത്രത്തിന്റെ പതിപ്പ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിയമവിരുദ്ധമായി ചോർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഫ്രീലാൻസ് അസിസ്റ്റന്റ് എഡിറ്റർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.










0 comments